
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണെന്നും കലക്ടർ പറഞ്ഞു. ഇന്നലെ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് തന്നെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത് ജില്ലാ കലക്ടറാണെന്ന് പി.പി ദിവ്യ വെളിപ്പെടുത്തിയത്. ഇത് കലക്ടർക്കുള്ള കുരുക്കാണെന്നും റിപോർട്ടുകളുണ്ടായിരുന്നു. അതിനിടെ, കണ്ണൂർ കലക്ടർക്കെതിരെ എ.ഡി.എമ്മിന്റെ ബന്ധുക്കൾ മൊഴി നൽകി. കലക്ടറുമായുള്ള എ.ഡി.എമ്മിന്റെ ബന്ധം സൗഹൃദപരമായിരുന്നില്ല. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. ഈ വിവരങ്ങൾ നവീൻ പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതു തന്നെയാണെന്നും കുടുംബം മൊഴി നൽകിയതായാണ് വിവരം. നവീന്റെ ഭാര്യയും രണ്ടു മക്കളും സഹോദരനുമാണ് മൊഴി നൽകിയത്.