അമ്മാന് (ജോര്‍ദാന്‍): പാലസ്തീന് പ്രദേശമായ ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം. ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ 33 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ 20 പേരെങ്കിലും സ്ത്രീകളാണെന്ന് കരുതുന്നു. വടക്കന്‍ ഗാസയില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രികളില്‍ പരിക്കേറ്റവര്‍ എത്തുന്നത് തുടരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെക്ക് ശേഷം ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 64 ആയി. ഏകദേശം 80 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അഭയാര്‍ഥി ക്യാമ്പിനു പുറമെ വീടുകള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തുകയാണ്. നിരവധി പേരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണത്തോടെ കനത്ത തോതിലുള്ള ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്.
ജബാലിയ പ്രദേശത്ത് തുടരുന്ന ഇസ്രായേല്‍ സൈനിക ഉപരോധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പതിനായിരക്കണക്കിന് പാലസ്തീനികള്‍ ഭക്ഷണമോ വെള്ളമോ വൈദ്യസഹായമോ ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരേസമയം വ്യോമ-കരയാക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. കെട്ടിടങ്ങളില്‍ ബോംബുകള്‍ സ്ഥാപിക്കുകയും പിന്നാലെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.