ബെയ്റൂട്ട്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു നേരെ ഡ്രോണ്‍ ആക്രമണം. ഹിസ്ബുള്ള-ഇസ്രായേല്‍ പോരാട്ടം നടക്കുന്ന ലെബനോനില്നിന്നാണ് തീരനഗരമായ സിസാരിയയിലെ നെതന്യാഹുവിന്റെ വസതിക്കു നേരെ ആക്രമണമുണ്ടായത്. ഇസ്രായേലും കൂട്ടരും ശരിക്കുമൊന്ന് ഞെട്ടി. ഗാസയിലും ലബനോനിലും തകര്‍ത്ത് മുന്നേറുന്നതിനിടയിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വസതിക്കു നേരെ തന്നെ ഡ്രോണ്‍ ആക്രമണമുണ്ടായിരിക്കുന്നത്.
ഈ സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു. മറ്റു രണ്ടു ഡ്രോണുകള്‍ ഇസ്രായില്‍ സൈന്യം വെടിവെച്ചിട്ടു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള റോഡുകള്‍ ഇസ്രായില്‍ പോലീസ് അടച്ചു. ലെബനോനില്‍ നിന്ന് 70 കിലോമീറ്റര്‍ താണ്ടിയാണ് സിസാരിയയില് നെതന്യാഹുവിന്റെ വീട് ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു.
നെതന്യാഹുവിനെ വധിക്കാന്‍ ഇറാനാണ് ശ്രമിച്ചതെന്ന് മുതിര്‍ന്ന ഇസ്രായിലി ഗവണ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. അവസാനം വരെ തങ്ങള്‍ പോരാടുമെന്നും ഒന്നും തങ്ങളെ തടയില്ലെന്നും വീടിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ആദ്യ പ്രതികരണത്തില്‍ നെതന്യാഹു പറഞ്ഞു. ലെബനോനില്‍ നിന്ന് എത്തിയ ഡ്രോണ്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് നേരിട്ട് ലക്ഷ്യമിടുകയായിരുന്നെന്ന് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി.
ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. ഹിസ്ബുള്ളയുടെ പ്രാദേശിക കമാന്‍ഡ് സെന്റര്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഡ്രോണ്‍ ആക്രമണം. ലെബനനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരെണ്ണം കെട്ടിടത്തില്‍ പതിച്ചതായും ബാക്കി രണ്ടെണ്ണം തകര്‍ത്തതായും സൈന്യം അറിയിച്ചു. ഹമാസിന്റെ തലവന്‍ യഹിയ സിന്‍വാറെ ഇസ്രയേല്‍ വധിച്ചതിലെ പ്രതികരണമായും ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു. ഗാസയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന സൈനികനടപടിക്കിടെയാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകനായിരുന്നു സിന്‍വാര്‍.
ബയ്റൂട്ടിന്റെ തെക്കുഭാഗത്ത് ഹിസ്ബുള്ള കേന്ദ്രത്തിലും തെക്കന്‍ ലെബനനിലെ നബതിയേഹിലിലും ഇസ്രയേല്‍ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തി. അന്ന് നബതിയേഹില്‍ മേയറുള്‍പ്പെടെ ആറുപേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടലില്‍ 1356 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.