തൃശൂർ: സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഞായറാഴ്ച രാവിലെ പത്തിന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് രാവിലെ 11.30ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വയ്ക്കും.
കേരള കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിരവധി നിരൂപണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. എ.ആർ. രാജരാജവർമ്മ പുരസ്കാരം, കുറ്റിപ്പുഴ അവാർഡ്, ഫാ. വടക്കൻ അവാർഡ്, കാവ്യമണ്ഡലം അവാർഡ്, ഗുരുദർശന അവാർഡ്, ശ്രീശൈലം സാഹിത്യ പുരസ്കാരം, സി.പി മേനോൻ അവാർഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, ജന്മശ്രാദ്ധം, വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർത്ഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, പ്രത്യവമർശം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ എന്നിവയാണ് പ്രധാന കൃതികൾ.
1955-ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായാണ് ജനനം. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ (ഗൾഫ്).