പേരാമ്പ്ര: യാത്രക്കിടെ ബസില്‍ കുഴഞ്ഞു വീണ യുവതിയെ അതിവേഗം ആശുപത്രിയില്‍ എത്തിച്ചു ബസ് ജീവനക്കാരുടെ മാതൃകാപരമായ സേവനം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദ്നാന് ബസിലായിരുന്നു സംഭവം. കുറ്റ്യാടിയില്‍ നിന്നു കയറിയ യുവതിക്ക് പേരാമ്പ്രയില്‍ എത്തിയപ്പോള്‍ ശരീരാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ഇത് ബസ് ജീവനക്കാരെ് അറിയിച്ചപ്പോള്‍ ഡ്രൈവര്‍ ആദി സുരേഷ് മറ്റൊന്നും ആലോചിക്കാതെ യുവതിയെ തല്‍ക്ഷണം ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍ ബസ് എത്തുന്നത് കണ്ടതോടെ പെട്ടെന്ന് തന്നെ അത്യാഹിത വിഭാഗം സജ്ജമാക്കുകയും ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ ഉടന്‍ നല്‍കുകയും ചെയ്തു. ഇത് അപകടനില തരണം ചെയ്യാന്‍ സഹായിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ബസ് ജീവനക്കാര്‍ കാണിച്ച ഈ ത്യാഗപൂര്‍ണമായ പ്രവൃത്തിയെ ഏവരും അഭിനന്ദിച്ചു.