കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്കി കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ. തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജി കോടതി നാളെ പരിഗണിക്കും.
തനിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ദിവ്യ മുന്‍കൂര്‍ ഹരജി നല്‍കിയത്. കേസില്‍ അറസ്റ്റിന് സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് തടയണമെന്നു അഡ്വ കെ.വിശ്വന് മുഖേന നല്കിയ ഹരജിയില്‍ ആവശ്യമുണ്ട്.
യാത്രയയപ്പ് ചടങ്ങിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും തന്നെ ക്ഷണിച്ചത് കലക്ടറാണെന്നും ദിവ്യ ഹരജിയില്‍ പറഞ്ഞു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസാരിച്ചപ്പോള്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടുകൂടിയാണെന്നും ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ദിവ്യ ഹരജിയില്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പോലിസ് കേസെടുത്തിട്ടുള്ളത്. കേസില്‍ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
എഡിഎമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.
യാത്രയയപ്പ് ചടങ്ങിനിടെ നവീന്‍ ബാബുവിനെതിരെ ദിവ്യ അഴിമതി ആരോപണം ഉന്നിയിച്ചിരുന്നു. പിന്നാലെ പള്ളിക്കുന്നിലെ വീട്ടില്‍ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്കുന്നതില് അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെ ദിവ്യ ഉയര്‍ത്തിയ ആരോപണം. കലക്ടര്‍ അരുണ്‍ കെ.വിജയന് ഉള്‍പ്പെടെ വേദിയിലിരിക്കെയായിരുന്നു ദിവ്യയുടെ ആരോപണം.