ജറസലേം: ഹമാസിന്റെ സൈനിക മേധാവിയും 2023 ഒക്ടോബറിലെ ആക്രമണത്തിന് പിന്നിലെ സൂത്രധാരനുമായ യഹ്യ സിന്‍വര്‍ ഗാസയില്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഇതിന് തൊട്ടുപിന്നാലെ, മുന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ സിന്‍വറിനെ ചുംബിക്കുന്ന ഫോട്ടോ എക്സില്‍ ഇസ്രായേല്‍ പങ്കുവെച്ചു. ഒടുവില്‍ വീണ്ടും ഒന്നിച്ചു എന്ന പേരില്‍ പരിഹാസത്തോടെ.
സിന്‍വറിന്റെ മരണം ഇസ്രായേല്‍ സ്ഥിരീകരിച്ചു
1,200-ലധികം ഇസ്രായേലികളെ കൊന്നൊടുക്കിയ 2023 ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ ആസൂത്രകരില്‍ പ്രധാന വ്യക്തിയായി അംഗീകരിക്കപ്പെട്ട യഹ്യ സിന്‍വര്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിന്‍വറിന്റെ മരണം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വസ്തുതയാണെന്നാണ് ഇസ്രയേല്‍ നിലപാട്. സിന്‍വറിന്റെ ജീവനെടുത്തത്
ഹമാസിനെതിരായ നീക്കത്തില്‍ സുപ്രധാന നാഴികക്കല്ലെന്നാണ് ഇസായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചതെന്ന് ഇക്കണോമിക്് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇന്ന് തിന്മയ്ക്ക് കനത്ത പ്രഹരമാണ് ലഭിച്ചത്’-നെതന്യാഹു പറഞ്ഞു.
സിന്‍വറിന്റെ ഉയര്‍ച്ചയും നേതൃത്വപരമായ പങ്കും
ഖാന് യൂനിസ് അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച സിന്‍വര്‍ ഹമാസിന്റെ ആഭ്യന്തര സുരക്ഷയും സൈനിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്തുകൊണ്ട് പ്രമുഖനായി മാറി. ഇസ്രയേലുമായി സഹകരിക്കുന്നവര്ക്കെതിരെയുള്ള ഉറച്ച നിലപാടിലായിരുന്നു സിന്‍വര്‍. ഇത്തരം നടപടികള്‍ കാരണം അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിച്ചു. 23 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ കഴിഞ്ഞ ശേഷം 2011 ല്‍ തടവുകാരെ കൈമാറുന്ന കരാറിന്റെ ഭാഗമായാണ് മോചിതനായത്. മടങ്ങിയെത്തിയ അദ്ദേഹം ഇസ്മായില്‍ ഹനിയയുടെ നേതൃത്വത്തില്‍ മുമ്പ് സ്വീകരിച്ചിരുന്ന മിതത്വ നിലപാടില്‍ നിന്ന് കൂടുതല്‍ ആക്രമണാത്മക സൈനിക സമീപനത്തിലേക്ക് ഹമാസിനെ നയിച്ചു.
ഇറാനില്‍ ഹനിയയുടെ കൊലപാതകം
സിന്‍വറിന്റെ മരണത്തിന് മുമ്പ്, മുന്‍ ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയെ 2024 ജൂലൈ 31 ന് ടെഹ്റാനില്‍ വെച്ച് കൊലപ്പെടുത്തി. ഇക്കാര്യം ഇസ്രായേല്‍ ഇനിയും സമ്മതിച്ചിട്ടില്ല. ഇറാന് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയപ്പോഴാണ് ഹനിയ കൊല്ലപ്പെടുന്നത്. ഇതിനു ശേഷം ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ നയിക്കുന്ന ചുമതലയും സിന്വറിലായി. ഹനിയയുടെ കൊലപാതകം ഹമാസിനേറ്റ കനത്ത ആഘാതമാണ് വരുത്തിയത്. സിന്‍വറിന്റെ നേതൃത്വം പിന്നീട് ഹമാസിനെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ വലിയ ആഘാതമാണ് വരുത്തിയത്.
തുടരുന്ന സംഘര്‍ഷങ്ങളും നാശനഷ്ടങ്ങളും
സിന്‍വറിന്റെ കൊലപാതകം ഹമാസിനേറ്റ കനത്ത ആഘാതമായികണ്ട് ഇസ്രായേല്‍ ആഘോഷിക്കുമ്പോള്‍ സംഘര്‍ഷം ഉടനടി അവസാനിക്കാതെ തുടരുകയാണ്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 42,000-ത്തിലധികം പാലസ്തീന്‍കാര്‍ മരിച്ചു. ഒരു വര്‍ഷം പിന്നിട്ട യുദ്ധം തുടരുകയാണ്. ഇതിനിടയിലും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ നെതന്യാഹു തീവ്രവാദികളോട് അഭ്യര്‍ഥിച്ചു. സഹകരിച്ചാല്‍ അതിജീവനത്തിനുള്ള സാധ്യതയുണ്ടെന്നാണ് നെതന്യാഹുവിന്റെ വാഗ്ദാനം.