ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇറാനില്‍ വെച്ച് ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യഹിയ സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ കടന്ന് കൂട്ടക്കൊല നടത്തിയതിന്റെ സൂത്രധാരന്‍ യഹിയ സിന്‍വറാണെന്നാണ് റിപ്പോര്‍ട്ട്.
ഗാസയിലെ ഹമാസിന്റെ നിരവധി കമാന്‍ഡര്‍മാരെയും ലെബനനിലെ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളേയും ഇസ്രായേല്‍ വധിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് ഹസന് നസ്റല്ല ഉള്‍പ്പെടെ കൊല്ലപ്പെട്ടുു. ഇതിലൂടെ കനത്ത പ്രഹരമാണ് ശത്രുപക്ഷത്ത് ഇസ്രായേല്‍ ഏല്പിച്ചത്. തങ്ങളുടെ പരമോന്നത നേതാവായി അടുത്തിടെ ഉയര്‍ത്തപ്പെട്ട യഹിയ സിന്‍വറിനെ
കുറിച്ച് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല
അതേസമയം തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. വ്യോമാക്രമണത്തില്‍ ടൗണ്‍ മേയറടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗണ്‍ മേയര്‍ കൊല്ലപ്പെട്ടത്.