വടകര: കടത്തനാട്ടെ ക്ഷേത്രങ്ങളിലെ തിറ ഉത്സവങ്ങള്‍ക്ക് നാളെ തുടക്കമാകും. ചേരാപുരം കാക്കുനി ഉമിയംകുന്ന് ക്ഷേത്രത്തിലെ തിറ ഉത്സവങ്ങളോടെയാണ് തുടക്കം. 25 നാണ് സമാപനം. തുടര്‍ന്ന് കടത്തനാട്ടെ ക്ഷേത്രങ്ങളിലാകെ ഉത്സവമേളം മുഴങ്ങും. വിവിധ ദേവതകള്‍ക്കായുള്ള തിറക്ക് ഭക്തജനങ്ങളേറെയെത്തും. വാദ്യമേളങ്ങളുടെ കൊഴുപ്പില്‍ തെയ്യങ്ങള്‍ നിറഞ്ഞാടും.
കാക്കുനി ഉമിയംകുന്നില് 18 മുതല്‍ 21 വരെ നേര്‍ച്ച വെള്ളാട്ടാണ്. 22 ന് വെള്ളാട്ട്, പരദേവത, കുട്ടിച്ചാത്തന് ദേവതകള്‍ക്കുള്ള വെള്ളാട്ട് എന്നിവ നടക്കും. 23ന് അരി ചാര്‍ത്തല്‍, കൊടിയേറ്റം എന്നിവക്ക് പുറമെ വെള്ളാട്ടും ഉണ്ടാവും. 24 ന് ഇളനീര് വരവ്, പരദേവത, കുട്ടിച്ചാത്തന്, ഗുളികന്, ചാമുണ്ഡി ദേവതകളുടെ വെള്ളാട്ട്. 25ന് വിവിധ ദേവതകള്‍ക്കുള്ള തിറ നടക്കും. പള്ളിവേട്ടക്ക് ശേഷം മുടി പറിക്കലോടെയാണ് സമാപനം. 25 ന് 11.30 മുതല്‍ ഭക്തര്‍ക്ക് അന്നദാനവും ഉണ്ടാകും. മേട മാസത്തിലെ ഭരണി നാളില്‍ കടമേരി പരദേവതാ ക്ഷേത്രത്തിലെ തിറയോടെയാണ് കടത്താനാട്ടെ തിറ ഉത്സവങ്ങള്‍ സമാപിക്കുക. ഉമിയം കുന്ന് തുറക്കലും കടമേരി അടക്കലും എന്നാണ് ചൊല്ല്.
-പി.കെ.രാധാകൃഷ്ണന്