തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി.സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സരിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും കോണ്‍ഗ്രസിനെതിരെയും വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പുറത്താക്കല്‍ നടപടി.
കോണ്‍ഗ്രസിലെ ഇടതുപക്ഷമായിരുന്നു താനെങ്കിലും ഇനി യഥാര്‍ഥ ഇടതുപക്ഷമാകാനായിരിക്കും ശ്രമമെന്ന് സരിന് പ്രതികരിച്ചു. സിപിഎം ഒരു തീരുമാനം അറിയിച്ചാല്‍ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും പി.വി.അന്‍വറും കൂടെയുണ്ടാകണമെന്ന് പറഞ്ഞിരുന്നു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മത്സരിക്കുമെന്നും സരിന് വ്യക്തമാക്കി.