വടകര: എഡിഎമ്മിന്റെ മരണത്തിലെ ദുരൂഹത നീക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഓരോ മണിക്കൂറിലും വെളിച്ചത്തു വന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒരു വലിയ ഗൂഢാലോചന ഇക്കാര്യത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. അധികാരവും പണവും മാനുഷിക മൂല്യങ്ങള്‍ക്കും മീതെ വട്ടമിട്ട് ഒരു ജീവന് ഇല്ലാതാക്കിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് പി.പി ദിവ്യ ഒരു നിമിഷം പോലും ഇരിക്കാന്‍ യോഗ്യയല്ല. പോലീസ് വെരിഫിക്കേഷന് കിട്ടാത്ത ഒരു സ്ഥലത്ത് പെട്രോള്‍ പമ്പ് നിര്‍മിക്കാന്‍ സ്വാധീനം ചെലുത്തിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ്? ദിവ്യയുടെ ഭര്‍ത്താവും പെട്രോള്‍ പമ്പ് ഉടമയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. നടപടികള്‍ പൂര്‍ത്തിയാക്കാതെ പമ്പിന് എന്‍ഒസി നല്കാന് സമ്മര്‍ദ്ദം ചെലുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഉണ്ടായ പ്രത്യേക താല്പര്യം എന്താണെന്ന് വ്യക്തമാക്കണം. പി.പി.ദിവ്യയുടെ ഭര്‍ത്താവും പമ്പ് ഉടമയും ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ തന്നെ എഡിഎമ്മിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയതും ദുരൂഹമാണ്. പമ്പുടമയും പി.പി.ദിവ്യയും ഉന്നയിച്ച അഴിമതി ആരോപണം പോലും സംശയത്തിന്റെ നിഴലിലാണ്. ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് ദിവ്യ ചെയ്തിരിക്കുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.