
334 ദിവസത്തിന് ശേഷം, അർജൻ്റീനയിൽ മെസ്സിയുടെ ആദ്യ മത്സരമായിരുന്നു ബൊളീവിയക്കെതിരെയുള്ളത്. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മാസ് സ്മാരക സ്റ്റേഡിയത്തിൽ ഇരച്ചെത്തിയ ആരാധകരെ ലോകകപ്പ് ചാമ്പ്യൻ നിരാശപ്പെടുത്തിയില്ല. ഇടതും വലതും കാലുകളിൽനിന്ന് ഗോൾ നേടി ആരാധകരെ മെസി ആവേശത്തിലാറാടിച്ചു. ഈ മാസാവസാനം ഇൻ്റർ മിയാമിയുമായുള്ള എം.എൽ.എസ് കപ്പ് പ്ലേഓഫ് മത്സരത്തിലേക്കുള്ള വരവ് അറിയിക്കുന്നത് കൂടിയായിരുന്നു മെസ്സിയുടെ പ്രകടനം. തിയാഗോ അൽമാഡ, ജൂലിയൻ അൽവാരസ്, ലൗത്താരോ മാർട്ടിനെസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി മറ്റു ഗോളുകൾ നേടിയത്.
19-ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് അർജന്റീന ഗോൾവേട്ടക്ക് തുടക്കമിട്ടത്. 84-ാം മിനിറ്റിലും 86-ാം മിനിറ്റിലുമായിരുന്നു മറ്റു രണ്ടു ഗോളുകൾ. 2023 മാർച്ച് 28 ന് കുറക്കാവോയ്ക്കെതിരെയാണ് മെസ്സിയുടെ അവസാന ഹാട്രിക് പിറന്നത്. ആ മത്സരത്തിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം.