തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കും ഉരുള്‍പൊട്ടല്‍ ഭീഷണി മൂലം മാറേണ്ടി വന്നവര്‍ക്കും സുരക്ഷിതമായ സ്ഥലത്ത് ഉചിതമായ പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി കെ.രാജന്. ഇ.കെ.വിജയന് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ദുരന്തബാധിതരുടെ കാര്‍ഷിക, ഗാര്‍ഹിക, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ എന്നിവരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊളളുന്നതാണ്. കൃഷിനാശത്തിനുള്ള ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വിലങ്ങാട് ഉന്നതികളില്‍ ഉള്ള ആളുകള്‍ എല്ലാം സമതലപ്രദേശങ്ങളിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ 11 കുടുംബങ്ങള്‍ക്ക് പൂര്‍ണമായും ഭൂമിയും വീടും നഷ്ടപ്പെടുകയുമുണ്ടായി. 25 വീടുകള്‍ പൂര്‍ണ്ണമായും ഒമ്പത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒമ്പത് മറ്റ് കെട്ടിടങ്ങളും തകര്‍ന്നു. 1.24 ഹെക്ടര്‍ പുരയിടം ഒലിച്ചുപോയി. 250 ഏക്കര്‍ കൃഷിനാശമുണ്ടായി. 58.81 കോടി രൂപയുടെ വ്യക്തിഗത നഷ്ടവും 158 കോടി രൂപയുടെ പൊതുമുതല്‍ നഷ്ടവുമാണ് ഉണ്ടായത്.
വയനാട് ചൂരല്‍മല ദുരന്ത ബാധിതരായവര്‍ക്ക് അനുവദിക്കുന്ന എല്ലാ ധനസഹായങ്ങളും അനുവദിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു. 10,000 രൂപ വീതം അടിയന്തിര ധനസഹായമായി അനുവദിക്കുകയും അതില്‍ എസ്ഡിആര്എഫിന്റെ മാനദണ്ഡ പ്രകാരമുള്ള 5000 രൂപ 451 കുടുംബങ്ങള്‍ക്ക് അനുവദിക്കുകയും ബാക്കിയുള്ള 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ജീവനോപാധി നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് സഹായധനമായി പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം 30 ദിവസത്തേക്ക് അനുവദിച്ചിരുന്നു. ഈ ആനുകുല്യം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് അനുവദിച്ചത്. ഇത് കൂടാതെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുള്ള /കിടപ്പുരോഗികള്‍ ഉള്ള കുടുംബങ്ങളില്‍ ഒരാള്‍ക്ക് കൂടി 300 രൂപ വീതം അധികമായി 30 ദിവസത്തേക്ക് അനുവദിക്കുന്നതിനും അനുമതി നല്‍കിയിരുന്നു. ആയത് പ്രകാരം ഒരു വ്യക്തിക്ക് 300 രൂപ വീതം 30 ദിവസത്തേക്ക് ഒരു കുടുംബത്തിലെ 2 വ്യക്തികള്‍ക്ക് ടഉഞഎ എസ്ഡിആര്എഫില് നിന്ന് അനുവദിക്കുന്നത് മുഴുവന്‍ കുടുംബങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്.
ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് വാടക വീട്ടിലേയ്ക്ക് മാറി താമസിക്കുന്നതിന് ഒരു കുടുംബത്തിന് പ്രതിമാസ വാടക ആയി 6000 രൂപ വീതം അനുവദിച്ചു. വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായ 30 കുടുംബങ്ങള്‍ക്കാണ് ഈ ആനൂകുല്യം അനുവദിക്കേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ മരണപ്പെട്ടയാളുടെ ആശ്രിതന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും, സംസ്ഥാനദുരന്ത പ്രതികരണനിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും ചേര്‍ത്ത് ആകെ ആറ് ലക്ഷം രൂപ അനുവദിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.-മന്ത്രി വ്യക്തമാക്കി.