തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസും ജനവിധിതേടും.
വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇരു മണ്ഡലങ്ങളിലേക്കും ഓരോ സ്ഥാനാർഥികളുടെ പേരുമാത്രമാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയത്.
ഈ പേരുകൾ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാലക്കാട് വി.ടി.ബൽറാമിന്റെയും, ഡോ.പി.സരിന്റെയും പേരുകൾ പരിഗണിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധി
ഒഴിഞ്ഞതോടെയാണ് വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.