തിരുവനന്തപുരം: പി.വി.അന്‍വര്‍ എല്ലാവര്ക്കും ഒരു പാഠമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, അര്‍ഹത പരിഗണിക്കാതെയുള്ള പ്രൊമോഷന് കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി. ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവര്‍ എന്താണോ അതാണ് അവര്‍. അത് ലവലേശം മാറിയിട്ടില്ല. അപ്പോള്‍ അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ടത് ജാഗ്രതയെ പറ്റിയുള്ള പാഠമാണ്. ആ പാഠം എല്ലാവര്ക്കും ബാധകമാണ്. സിപിഎമ്മിന് മാത്രമല്ല, സിപിഐക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് തുരങ്ക പാത പദ്ധതിയിൽ വിശദമായ പഠനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനം നല്ലതാണ്. എന്നാൽ, വയനാട് ദുരന്തം നമ്മുടെ കൺമുമ്പിലുണ്ട്. പഠനങ്ങൾ കൂടാതെ മുന്നോട്ട് പോകുന്നത് പലർക്കും സംശയങ്ങളുണ്ടാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്നാണ് സിപിഐയുടെ നിലപാട്. നിലവിലെ പരിഷ്കാരം തിരക്ക് ഒഴിവാക്കാനാണ്. എന്നാൽ, പെട്ടന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് സ്പോട്ട് ബുക്കിങ് വേണമെന്നാണ് പാർട്ടി നിലപാട്. ഭക്തർക്ക് അസൗകര്യം ഉണ്ടാകരുത്. വിഷയത്തിൽ ശബരിമലയിൽ ആർ.എസ്.എസും ബി.ജെ.പിയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കും. അതിനെ ചെറുക്കണമെന്നും അവർക്ക് വടി കൊടുക്കരുതെന്നും ബിനോയ് വിശ്വം സർക്കാർ നിലപാടിന് എതിരായി പറഞ്ഞു. തൃശൂർ പൂരം കലക്കിയതിൽ ആർക്കാണ് ഉത്തരവാദിത്തം എന്നുള്ളത് പുറത്ത് വരണം. എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തിയത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.