കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ കെ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. സ്ഥലംമാറ്റം ലഭിച്ച എഡിഎമ്മിന് ഇന്നലെ കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, നവീനെതിരെ പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം.
എഡിഎം അഴിമതി നടത്തിയെന്ന ദുസ്സൂചനയോടെയായിരുന്നു പി.പി.ദിവ്യയുടെ പ്രസംഗം. കണ്ണൂരില്‍ നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത് എന്നായിരുന്നു പ്രസംഗിച്ചത്. കണ്ണൂരിലെ പള്ളിക്കുന്ന് സ്കൂളിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് നവീൻ താമസിച്ചിരുന്നത്. കണ്ണൂരിൽ നിന്നു സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ
കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. യാത്രയയപ്പ് യോഗത്തില്‍, ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വിമര്‍ശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുന്‍പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും ദിവ്യ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ദിവ്യ പറയുകയുണ്ടായി. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പ്രസംഗം. യാത്രയയപ്പ് ചടങ്ങിനുശേഷം താമസസ്ഥലത്തേക്ക് തിരിച്ച എഡിഎമ്മിനെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.