നാദാപുരം: വളയത്ത് കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച രണ്ട് പേര് അറസ്റ്റില്‍. ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദ് (38), വാണിമേല്‍ സ്വദേശി കൊയിലോത്തുങ്കര ഇസ്മയില്‍ (36) എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎ കേസുകളില്‍ സ്ഥിരം പ്രതിയായതോടെയാണ് ചേണികണ്ടി
നംഷിദിനെ കഴിഞ്ഞ ഏപ്രിലില്‍ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവില്‍ ആറ് മാസത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാട് കടത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ ഓഗസ്റ്റില്‍ നംഷിദിനെ എംഡിഎംഎയുമായി വളയം പോലീസ് സ്റ്റേഷന് പരിധിയിലെ താനക്കോട്ടൂരില്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിനും ലഹരി കടത്ത് കേസിലും ഉള്‍പ്പെട്ട് അറസ്റ്റിലായി.
കഞ്ചാവ് വില്‍പ്പന, മോഷണം, അടിപിടി കേസുകളില്‍ പെട്ടതോടെയാണ് കൊയിലോത്തുങ്കര ഇസ്മയിലിനെ ഒരു വര്‍ഷത്തേക്ക് 2024 മെയില്‍ നാട് കടത്തിയത്. ഇതിനിടെ ഇസ്മയില്‍ കാപ്പ ലംഘിച്ച് ഒക്ടോബര്‍ 10 ന് കല്ലാച്ചിയില്‍ പിടിയിലായി. തുടര്‍ന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വീണ്ടും നാട് കടത്തുകയായിരുന്നു. വയനാട്, കോഴിക്കോട് ജില്ലകളില്‍ കേസുകളില്‍ പ്രതിയാണ് ഇസ്മായില്‍.
ഇതിനിടെ നാദാപുരം, വളയം സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായ വാണിമേല്‍ കോടിയൂറ സ്വദേശി ഒടുക്കന്റവിട സുഹൈലിനെതിരെ (24) കാപ്പ ചുമത്താനുള്ള നടപടികള്‍ വളയം പോലീസ് ആരംഭിച്ചു. സുഹൈലിനെ ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടയാന്‍ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കലക്ടറുടെ പരിഗണനയിലാണ്. കൂടാതെ നാദാപുരം സബ് ഡിവിഷണല്‍ പരിധിയില്‍ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ആര്‍ഡിഒ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.
-ടി.ഇ.രാധാകൃഷ്ണന്