മാഹി: പ്രധാന തിരുനാള്‍ ദിവസങ്ങളില്‍ ഒന്നായ ഇന്ന് മാഹി ജനസാഗരത്തില്‍ മുങ്ങി. അനേകായിരം വിശ്വാസികളാണ് മാഹി ബസിലിക്കയില്‍ എത്തി ച്ചേര്‍ന്നത്. വിവിധ ചടങ്ങുകള്‍ക്ക് വിശ്വാസസമൂഹം സാക്ഷിയായി.
തിരുനാള്‍ ജാഗരമായ ഇന്ന് 5.30ന് ജപമാലയും വരാപ്പുഴ അതിരൂപത സഹായ മെത്രാന് മോസ്റ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ആഘോഷ ദിവ്യബലി അര്‍പ്പിക്കുകയുണ്ടായി. പിതാവിനെ ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ വെച്ച് കോഴിക്കോട് രൂപത വികാരി ജനറല്‍ റവ.മോണ്‍. ഡോ. ജെന്സന് പുത്തന്‍വീട്ടില്‍ ഹാരാര്‍പണം നല്കി സ്വീകരിച്ചു. ഫെറോന വികാരി ഡോ. ജെറോം ചിങ്ങംതറ, ഫാദര്‍ ടോണി ഗ്രേഷ്യസ്, ഫാദര്‍ പോള്‍. എ .ജെ എന്നിവരും പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും തിരുനാള്‍ ആഘോഷ കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും സന്നിഹിതരായി. തുടര്‍ന്ന് വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേനയും തിരുസ്വരൂപം വഹിച്ചുകൊണ്ട് ദീപാലങ്കരമായ വാഹനത്തില്‍ നഗര പ്രദക്ഷിണവും ഉണ്ടായി.
പള്ളിയില്‍നിന്ന് പുറപ്പെട്ട് പഴയ പോസ്റ്റ് ഓഫീസ്, ടാഗോര്‍ പാര്‍ക്ക്, ഹോസ്പിറ്റല്‍ ജംഗ്ഷന്‍വഴി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്രം, മാഹി ഹോസ്പിറ്റല്‍, ലാ ഫാര്‍മാ റോഡ്, ആന വാതുക്കല് അമ്പലം, സെമിത്തേരി റോഡ് വഴി പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഉണ്ടാവും.
തിരുനാളിന്റെ മുഖ്യദിനമായ ഒക്ടോബര്‍ 15 പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ 7 മണി വരെ ശയന പ്രദക്ഷിണം ഉണ്ടായിരിക്കും.
രാവിലെ 10 മണിക്ക് കോഴിക്കോട് രൂപത മെത്രാന് മോസ്റ്റ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവിന് റെയില്‍വേ സ്റ്റേഷന് റോഡ് ജംഗ്ഷനില്‍ സ്വീകരണം ഉണ്ടായിരിക്കും. തുടര്‍ന്ന് ചക്കാലക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് നൊവേനയും, മയ്യഴി അമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും ഉണ്ടാകും.
വൈകിട്ട് 5 മണിക്ക് സ്നേഹ സംഗമം മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. മയ്യഴിയിലെ പൗര പ്രമുഖരും മാഹി അഡ്മിനിസ്ട്രേഷനിലെ വിവിധ വകുപ്പ് മേധാവികളും മറ്റ് വിശിഷ്ട അതിഥികളും പരിപാടിയില്‍ ഉണ്ടായിരിക്കും