കൊയിലാണ്ടി: അച്ഛനും മകളും നിറഞ്ഞാടിയ കഥകളിയരങ്ങ് കാണികള്‍ക്ക് നവ്യാനുഭവമായി. ചേലിയ കഥകളി വിദ്യാലയത്തിലെ കുചേലവൃത്തം കഥകളിയാണ് മനംനിറഞ്ഞൊരു കലാവിരുന്നായത്.
നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായാണ് കഥകളി അവതരിപ്പിച്ചത്. അഭിനേതാക്കളുടെ അപൂര്‍വ്വത കൊണ്ടാണ് കുചേലവൃത്തം കഥകളി ശ്രദ്ധേയമായത്. കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകള്‍ ആര്‍ദ്രയും രംഗത്തെത്തി. കഥകളിയുടെ ഭംഗി ഒട്ടും ചോരാതെ കാഴ്ചക്കാരെ പിടിച്ചിരുത്തി ഈ പ്രതിഭകള്‍. കുമാരി നന്ദിനി രുഗ്മിണിയായും വേഷമിട്ടു. നന്ദിനിയുടെ അച്ഛന് കലാമണ്ഡലം ശിവാദാസ് ചെണ്ടയിലും കോട്ടക്കല്‍ ശബരീഷ് മദ്ദളത്തിലും പക്കമേളമൊരുക്കി. കലാമണ്ഡലം അനില്‍ രവി, മാസ്റ്റര്‍ അശ്വന്ത് എന്നിവര്‍ പാട്ടിലും ലിജീഷ് പൂക്കാട് ചുട്ടിയിലും പങ്കാളികളായി.
കഥകളി വിദ്യാലയം സംഗീതാധ്യാപകര്‍ ഒരുക്കിയ സംഗീത സദസും അരങ്ങേറി.
-സുധീര്‍ കൊരയങ്ങാട്