കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നടത്തിയ പ്രൊഫ. ശോഭീന്ദ്രൻ ഒന്നാം ചരമവാർഷിക ദിനാചരണം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് – വയനാട് ജില്ലകളിലായി വ്യത്യസ്ത പരിപാടികളാണ് നടത്തിയത്. വൃക്ഷാദരം, സ്മൃതിവൃക്ഷം, ഹരിത യാത്ര, ഹരിത സംഗമം, ഹരിത ഗാനം, ഹരിത ആദരം, ഹരിതപ്രാശം തുടങ്ങിയവയായിരുന്നു പരിപാടികൾ. കോഴിക്കോട് നിന്നും ഹരിത യാത്രയായി ചൂരൽ മലയിൽ എത്തി
ഉരുൾപൊട്ടലിനെ അതിജീവിച്ച ആൽമരത്തെ ആദരിച്ചത് പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. ഹരിതയാത്ര കടന്നുപോയ കോഴിക്കോട് – താമരശ്ശേരി – വയനാട് റൂട്ടിൽ സ്മൃതി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ടായിരുന്നു ഹരിത യാത്ര. ഇതിൻറെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് നിർവഹിച്ചു. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ചൂരൽ മലയിലെ അരയാലിനെ ഹംസ മടിക്കൈ ആദരിച്ചു. അനുസ്മരണ സമ്മേളനം ദേശീയ കർഷക പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ചൂരൽമല ദുരന്തത്തിൽ ആദ്യത്തെ മൃതദേഹം വീണ്ടെടുത്ത അട്ടമല ബാലനെ പശ്ചിമഘട്ട സംരക്ഷണ സമിതി
സെക്രട്ടറി ബഷീർ ആനന്ദ് ജോൺ ആദരിച്ചു. വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, വൈസ് പ്രസിഡൻറ് ഷജീർഖാൻ വയ്യാനം, ട്രഷറർ എം ഷെഫീക്ക്, ഐടി കോഡിനേറ്റർ പി കെ വികാസ്, സന്ധ്യ കരണ്ടോട്, കെ കെ ബിനീഷ് കുമാർ, ചന്ദ്രൻ ആപ്പറ്റ, ബഷീർ കളത്തിങ്കൽ, വാർഡ് മെമ്പർ ഹാരിസ് മേപ്പാടി, സഫീറ നസീർ, ഹാഫിസ് പൊന്നേരി, ജലീൽ കുറ്റ്യാടി, കെ ഗ്രിജീഷ് തുടങ്ങിയവർ സംസാരിച്ചു. ഹരിത യാത്രയിൽ പങ്കെടുത്ത മുഴുവൻ പേർക്കും സ്മൃതി വൃക്ഷങ്ങൾ സമ്മാനമായി നൽകി.
പ്രൊഫ. ശോഭീന്ദ്ര സ്മരണയിൽ കിണർ:
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണയിൽ ഒരു പൊതു കിണർ നിർമ്മിച്ചു നൽകും.ഹംസ മടിക്കൈ ആണ് കിണർ സ്പോൺസർ ചെയ്യുന്നത്. എല്ലാവർക്കും ജലം എടുക്കാൻ കഴിയുന്ന രീതിയിൽ ആയിരിക്കണം കിണർ. താല്പര്യമുള്ളവർ 9447262801 എന്ന നമ്പറിൽ ബന്ധപ്പെടണം.