കുറ്റ്യാടി: കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെ ഒന്നാംഘട്ട പ്രവൃത്തി 2025 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നു കായിക മന്ത്രി വി.അബ്ദുറഹ്മാന് അറിയിച്ചു. അക്കാദമിയുടെ പ്രവൃത്തി സംബന്ധിച്ച് കെ.പി.കുഞ്ഞമ്മദ്കുട്ടി നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കാടുവെട്ടി തെളിക്കുന്ന പ്രവൃത്തിയും ഗ്രൗണ്ട് ലെവലിംഗും പൂര്‍ത്തിയാക്കിയതായും ഒരു കോടി രൂപയുടെ പ്രവൃത്തി അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അബ്ദുറഹ്മാന് പറഞ്ഞു. ഒരു കോടി രൂപയുടെ പ്രവൃത്തിയില്‍ മഡ്കോര്ട്ട്, ഫെന്‍സിങ് വാള്, കോമ്പൗണ്ട് വാള്, മുന്‍വശത്തെ ഗേറ്റ് എന്നിവയുടെ നിര്‍മാണം, ഗ്രൗണ്ട് ഡെവലപ്മെന്റ് പ്രവൃത്തി, വോളിബോള്‍ കോര്‍ട്ടിലെ ഫ്ലഡ് ലൈറ്റിങ്, ഇലക്ട്രിക്കല്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഹോസ്റ്റല്‍ നിര്‍മാണത്തിനായി 2024-25 വര്‍ഷം രണ്ടു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഒന്നാംഘട്ട പ്രവൃത്തിക്കു പിന്നാലെ രണ്ടു കോടിയുടെ പ്രവൃത്തിയും ആരംഭിക്കും. ഇതോടെ വളരെ കാലമായി പ്രയാസം അനുഭവിക്കുന്ന കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി പറഞ്ഞു.