വടകര: അറിവും അക്ഷരങ്ങളും നെഞ്ചേറ്റുന്നതിനു വേണ്ടി അരിയിലെഴുത്ത് ചടങ്ങ് നടന്നു. വിദ്യാരംഭ ദിനമായ ഇന്ന് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുകയാണ് കുരുന്നുകള്‍. ക്ഷേത്രങ്ങളിലെ വിദ്യാരംഭചടങ്ങുകള്‍ക്ക് പുറമെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്തുടനീളം കുട്ടികളില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ ചൂണ്ടുവിരല്‍കൊണ്ട് അക്ഷരമെഴുതി. പിന്നെ പൊന്നു കൊണ്ട് നാവില്‍ അക്ഷര മധുരം കുറിച്ചു.
സംസ്ഥാനത്ത് ഇന്ന് ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരമെഴുതിയത്. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ അക്ഷരം കുറിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സാംസ്കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ഭാഷ പിതാവിന്റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ തന്നെ ആരംഭിച്ചു. പാരമ്പര്യ എഴുത്താശാന്മാരും കവികളും സാഹിത്യകാരന്മാരും കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു.
അരൂര്‍ മഹാവിഷണു ക്ഷേത്രത്തില്‍ കാഞ്ഞിരാട്ടില്ലത്ത് മാധവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാരംഭം നടന്നു. അരൂര്‍ കല്ലുമ്പുറം വലിയ കുളങ്ങര ശാസ്താ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കല്‍ ചടങ്ങിന് ധരണി ഇല്ലം ഹരീഷ് നമ്പൂതിരി നേതൃത്വം നല്കി.