വടകര: ജലജീവന്‍ മിഷന്റെ പൈപ്പ് ലൈന്‍ മുറിച്ചിട്ടതിനെ തുടര്‍ന്ന് കുടിവെള്ളം മുടങ്ങി. ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് നടുമുക്കാളിയില് ചോമ്പാല സര്‍വ്വീസ് ബാങ്കിന് സമീപമാണ് പൈപ്പ് മുറിച്ചത്. മൂന്നാഴ്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
അഴിയൂര്‍ പഞ്ചായത്തില്‍ ജലക്ഷാമം ഏറെയുള്ള 12,13,14 വാര്‍ഡുകളിലെ കുന്നിന് പ്രദേശങ്ങളായ പാതിരിക്കുന്ന്, കറപ്പകുന്ന്, ബംഗ്ലക്കുന്ന് പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനാണ് ദേശീയപാത വികസന പ്രവൃത്തിക്കിടയില്‍ മുറിച്ചട്ടത്. ഇത് മൂലം ജനം നട്ടം തിരിയുകയാണ്. തീരപ്രദേശങ്ങളിലും സുനാമി കോളനിയിലും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. 400 ഓളം കുടുംബങ്ങള്‍ ഇതിനെ ആശ്രയിക്കുന്നുണ്ട്.
കുടിവെള്ളം മുടങ്ങിയ സംഭവത്തില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്. ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തരമായി പതിയണമെന്ന് പതിനാലാം വാര്‍ഡ് മെമ്പര്‍ പ്രമോദ് മാട്ടാണ്ടി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പമ്പിംഗ് ലൈന്‍ പുനഃസ്ഥാപിച്ച് കുടിവെള്ളം ഉടന്‍ ലഭ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ബാബുരാജ്, മുക്കാളി ടൗണ്‍ വികസന സമിതി കണ്‍വീനര്‍ എ.ടി. മഹേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.