കുറ്റ്യാടി: തൂവെള്ള വസ്ത്രമണിഞ്ഞ് മൂവര്‍ണ കൊടിയുമായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുറ്റ്യാടി ടൗണിലുടെ നടന്ന് നീങ്ങിയിരുന്ന കോട്ടയില്‍ ലക്ഷ്മി ഇനി ഓര്മ. 70 പിന്നിട്ടിട്ടും ആവേശത്തോടെ കോണ്‍ഗ്രസിന്റെ ജാഥകളിലും പ്രക്ഷോഭങ്ങളിലും ആവേശത്തോടെ പങ്കെടുക്കുമായിരുന്ന അവര്‍ നേതാക്കളുടെ പ്രസംഗം മുഴുവന്‍ മുന്‍നിരയിലിരുന്നു കേട്ടേ മടങ്ങാറുള്ളൂ.
ഒരു ഭാരവാഹിത്വവും ഇല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകിയ കോട്ടയില്‍ ലക്ഷ്മി സാമുഹ്യ സന്നദ്ധ രംഗത്തും സമയം കണ്ടെത്തി. കുറ്റ്യാടിയുടെ ഹൃദയ വികാരമായിരുന്നു അവര്‍. നേരത്തെ കുറ്റ്യാടിയിലെ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായിരുന്ന കോട്ടയില്‍ ലക്ഷ്മിക്ക് കുറ്റ്യാടിയിലെ ജനങ്ങളെയും നാടിന്റെ മുക്കും മൂലയും പരിചിതമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ഹൃദയ ബന്ധം കാത്തുസുക്ഷിച്ച അവര്‍ ഏവരോടും സൗഹൃദം പുലര്‍ത്തി.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക പ്രവര്‍ത്തകരും വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്പിച്ചു. അവരില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുരംഗത്തുള്ളവരും എറെ പഠിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ അനുസ്മരിച്ചു.
മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ എംപി കെ.മുരളിധരന്, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, ഷാഫി പറമ്പില്‍ എംപി, കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ്, കോണ്‍ഗ്രസ് നേതാക്കളായ വി.എം.ചന്ദ്രന് പ്രമോദ് കക്കട്ടില്‍, ശ്രീജേഷ് ഊരത്ത് പി.കെ.സുരേഷ്, പി.പി.ആലിക്കുട്ടി, പി.പി.ദിനേശന്, എ.ടി.ഗീത, ലീബ സുനില്‍, എ.സി. അബ്ദുള്‍മജീദ്, സി.എന്‍ ബാലകൃഷ്ണന് (സിപിഎം എല്‍സി സെക്രട്ടറി), മഹേഷ് ഒ.ടി (ബി.ജെ.പി) മുതലായവര്‍ അനുശോചിച്ചു.
-ആനന്ദന് എലിയാറ