ചെന്നൈ: ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് (12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായയത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റെന്നും ഇവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നും റെയിൽവേ
അറിയിച്ചു.വെള്ളിയാഴ്ച രാത്രി 08:30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബാഗ്മതി എക്സ്പ്രസിലെ യാത്രക്കാരുമായി പുതിയ ട്രെയിൻ പുറപ്പെട്ടു. ശനിയാഴ്ച രാവിലെ 4:45 ഓടെയാണ് പകരം ട്രെയിൻ യാത്രക്കാരുമായി സർവീസ് ആരംഭിച്ചത്. ബാഗ്മതി എക്സ്പ്രസ് തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോൾ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ
പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും നിരവധി കോച്ചുകൾ പാളംതെറ്റുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ചെന്നൈ – വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറാവുകയായിരുന്നു. ഇന്നത്തെ 18 ട്രെയിൻ സർവീസുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യുമെന്നും സതേൺ റെയിൽവേ അറിയിച്ചു.
എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം – പറ്റ്ന സ്പെഷ്യൽ ട്രെയിൻ, റ്റാറ്റനഗറിൽ നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് (18189) തുടങ്ങിയവയും വഴിതിരിച്ചുവിടുന്നവയിൽ ഉൾപ്പെടുന്നുണ്ട്.
യാത്രക്കാരുണ്ടായിരുന്ന കോച്ചുകളിലാണ് തീപിടിച്ചത്. തെറ്റായ സിഗ്നലാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മെയിന്‍ ലൈനിലൂടെയായിരുന്നു ഈ ട്രെയിന്‍ സഞ്ചരിക്കേണ്ടിയിരുന്നത്. എന്നാല്‍ ലൂപ്പ് ലൈനിലൂടെയാണ് ട്രെയിന്‍ പ്രവേശിച്ചത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് അപകടത്തിൽപ്പെടുന്ന സമയം ട്രെയിന്‍ സഞ്ചരിച്ചിരുന്നത്.
ഒക്ടോബർ പത്തിന് രാവിലെ 11:35ന് ധൻബാദിൽ നിന്ന് പുറപെട്ട ട്രെയിൻ നമ്പർ 13351 ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് നായുഡുപേട്ട, സുലുരുപേട്ട, ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ , , ആരക്കോണം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി റെനിഗുണ്ട- മേലപാളയം -കാട്പാടി വഴി തിരിച്ചുവിട്ടു. ഒക്ടോബർ പത്തിന് വൈകിട്ട് 4.25 ന് ജബൽപൂരിൽ നിന്ന് പുറപ്പെട്ട O2122 ജബൽപൂർ – സൂപ്പർഫാസ്റ്റ് സ്പെഷ്യൽ താംബരത്തും സ്റ്റോപ്പുകൾ ഒഴിവാക്കി.റെനിഗുണ്ട- മേലപാളയം – ചെങ്കൽപട്ട് വഴി തിരിച്ചു വിട്ടു. ഒക്. 11 ന് രാത്രി 10 മണിക്ക് പുറപ്പെട്ട എം ജി ആർ ചെന്നൈ സെൻട്രൽ തമിഴ്നാട് എക്സ്പ്രസ് നമ്പർ 12621 ആരക്കോണം – റെനിഗുണ്ട വഴി വിജയവാഡ യിലേക്ക് തിരിച്ചുവിട്ടു .
ഒക്. 11 ന് രാവിലെ 7 15ന് എറണാകുളത്തു നിന്ന് പുറപ്പെട്ട 18190 എറണാകുളം ടാറ്റാ നഗർ എക്സ്പ്രസ് മേലപാളയം – ആറക്കോണം – റേണി ഗുണ്ട വഴി തിരിച്ചു വിട്ടു. ഒക്ടോബർ 11ന് ഉച്ചയ്ക്ക് 1.35ന് പുറപ്പെട്ട ട്രെയിൻ നമ്പർ 12664 തിരുച്ചിറപ്പള്ളി ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേല പാളയം – ആറക്കോണം റേനിഗുണ്ട വഴി തിരിച്ചെടുത്തു .
ഒക്ടോബർ 11ന് രാവിലെ 9.50ന് രാമനാഥപുരത്ത് നിന്ന് പുറപ്പെട്ട 07496 രാമനാഥപുരം എക്സ്പ്രസ് സ്പെഷ്യൽ ആരക്കോണം റേനിഗുണ്ട തിരിച്ചുവിട്ടു. 11ന് രാവിലെ 11.50ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട 06063 കോയമ്പത്തൂർ ധൻബാദ് എക്സ്പ്രസ് സ്പെഷ്യൽ മേലപ്പാളയം – ആറക്കോണം – റേണിഗുണ്ട വഴി തിരിച്ചുവിട്ടു .
അപകടം നടന്നയുടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ചികിത്സ നൽകാൻ കവരപ്പേട്ടയ്ക്ക് സമീപത്തെ ആശുപത്രികളെല്ലാം സജ്ജമാക്കിയെന്ന് തിരുവള്ളൂർ കളക്ടർ പ്രഭുശങ്കർ അറിയിച്ചു. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറും, ചെന്നൈ ഡിവിഷനല്‍ റെയില്‍വേ മാനേജരും സ്ഥലത്തെത്തി. ട്രെയിനിലെ യാത്രക്കാരെല്ലാം കൃത്യ സ്ഥലത്ത് എത്തുമെന്ന് ഉറപ്പാക്കുമെന്നും. ഗാര്‍ഡും ക്രൂവും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിആര്‍എഫ് സംഘം ഉടൻ തന്നെ അപകട | സ്ഥലത്തെത്തി. റെയിൽവേ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ റെയിൽവേ ഹെല്പ് ലൈനുകൾ തുറന്നു. 04425354151, 04424354995. ബെംഗളുരുവിലും ട്രെയിൻ കടന്ന് പോയ എല്ലാ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്. ബെംഗളുരു റെയിൽവേ ആസ്ഥാനത്താണ് വാർ റൂം തുറന്നത്. നമ്പർ- 08861309815.