വടകര: പ്രളയത്തെയും കോവിഡിനെയും കേരളത്തിന് ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞത് ഇവിടെ നിലനില്‍ക്കുന്ന ശക്തമായ വികേന്ദ്രീകൃതാസൂത്രണത്തിന്റെ കരുത്തുകൊണ്ടാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു. പി.അലക്സ് അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മടപ്പള്ളി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉദ്ഘാനം ചെയ്ത് ‘ജനകീയാസൂത്രണത്തിന്റെ മൂന്ന് പതിറ്റാണ്ട്-അനുഭവങ്ങളും ഭാവിയും’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ദാരിദ്ര്യ നിര്cാര്ജ്ജനം, ഖരമാലിന്യ സംസ്കരണം, ഗ്രാമപ്രദേശങ്ങളിലെ പശ്ചാത്തല വികസനം തുടങ്ങിയ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലെ വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ക്ഷീരമേഖല ഒഴികെയുള്ള ഉല്പാദനരംഗത്തും കാര്യമായ പുരോഗതി സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്ന വസ്തുതയും നിലനില്ക്കുന്നു. പശ്ചാതല വികസനത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട റോഡുകളുടെ ആസൂത്രണമില്ലായ്മ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തക ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായി അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി ദിവാകരന്, സംസ്ഥാന ട്രഷറര്‍ പി പി ബാബു, കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രന് എന്നിവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് ഡോ. കെ ജി.പൗലോസ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ‘ശാസ്ത്രം ഇന്ത്യയില്‍-ചരിത്രവും വര്‍ത്തമാനവും’ വാര്‍ഷിക സുവനീറിന്റെ പ്രകാശനം പ്രസിദ്ധീകരണ സമിതി ചെയര്മാന് പ്രൊ. ടി പി കുഞ്ഞിക്കണ്ണനില്‍ നിന്ന് ഏറ്റുവാങ്ങി ഡോ. ജിജു.പി.അലക്സ് നിര്‍വഹിച്ചു. പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍ പി.പ്രദോഷ്, കെ ടി രാധാകൃഷ്ണന് എന്നിവരും സന്നിഹിതരായി. സംഘാടകസമിതി ചെയര്‍ പേഴ്സണ്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ പി ഗിരിജ സ്വാഗതവും പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ബി മധു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സെഷനില്‍ കേരള വികസനം – സമീപന രേഖ നിര്‍വ്വാഹക സമിതി അംഗം പ്രൊ. ടി പി കുഞ്ഞിക്കണ്ണന് അവതരിപ്പിച്ചു. തുടര്‍ന്ന് ക്യാമ്പ് പ്രതിനിധികള്‍ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപന രേഖയില്‍ ചര്‍ച്ച നടന്നു.
അടുത്ത സെഷനില്‍ പ്രതിനിധികള്‍ വിഷയാധിഷ്ഠിത ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായി അഞ്ച് വിഷയ സമിതികളായി തിരിയുകയും ഉല്പാദന മേഖല-ഡോ.എന്‍ കെ ശശിധരന്, അടിസ്ഥാന സൗകര്യ വികസനം-ഊര്‍ജം-ഗതാഗതം-നന്ദനന്‍, തൊഴില്‍-വിദ്യാഭ്യാസം-ആരോഗ്യം-മുബാറക് സാനി, പരിസ്ഥിതി- കാലാവസ്ഥ വ്യതിയാനം-പ്രകൃതി വിഭവ വിനിയോഗം-ഡോ. വി.കെ.ബ്രിജേഷ്, ശാസ്ത്രബോധം-സംസ്കാരം-ലിംഗനീത-ഡോ. ചിഞ്ചു സി എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് അവതരണങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് വിഷയാധിഷ്ഠിത ഗ്രൂപ്പ് ചര്‍ച്ചകളുടെ അവതരണം നടന്നു. രാത്രി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തോടെ ക്യാമ്പിന്റെ ഒന്നാം ദിന പരിപാടികള്‍ക്ക് സമാപനമായി.