വടകര: ഏതു നിര്‍മാണവും യുഎല്‍സിസിഎസ് എടുക്കണമെന്നതാണ് തന്നെപ്പോലുള്ള ജനപ്രതിനിധികള്‍ ആഗ്രഹിക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ”ഊരാളുങ്കല്‍ വന്നാല്‍ ഞങ്ങള്‍ ഒന്നും അറിയണ്ടാ. എല്ലാ സാധനവും സൊസൈറ്റി കൊണ്ടുവരും. മേസ്തിരിയെപ്പോലെ മേല്‍നോട്ടത്തിനു പോയി നില്ക്കണ്ടാ. നിര്‍മാണോദ്ഘാടനത്തിനും നിര്‍മിതിയുടെ ഉദ്ഘാടനത്തിനും മാത്രം അങ്ങോട്ടു പോയാല്‍ മതി”-അദ്ദേഹം പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് പാലേരി കണാരന് മാസ്റ്ററുടെ നാല്പതാമത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
ഇന്ത്യയില്‍ ആദ്യമായി ഒരു നിയമസഭ കടലാസുരഹിത ഇ-നിയമസഭ ആകുന്നത് ഊരാളുങ്കലിലൂടെയാണ്. പല സംസ്ഥാനസഭകളില്നിന്നും ജനപ്രതിനിധികളും മറ്റും വന്നു കാണുന്നു. സൊസൈറ്റിയിലും അവര്‍ നടത്തുന്ന ഉപസ്ഥാപനങ്ങളിലും മികച്ച പ്രൊഫഷണലിസമാണ്. ഏതു സംരംഭം തുടങ്ങിയാലും വിജയിക്കും. ലോകത്ത് ഏതുസ്ഥാപനത്തെയും കടത്തിവെട്ടി ഒന്നാമത് എത്താവുന്ന സ്ഥാപനമായി വളരാന്‍ സൊസൈറ്റിക്കു കഴിയുന്നു.
സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്. ഒരു ഘട്ടത്തിലും അതു വഴിമാറിയില്ല. ഒരു കള്ളത്തരവും കാണിക്കാത്തവരാണ് തൊഴിലാളികളും സൊസൈറ്റിയും. സമയത്തു പണി തീര്‍ക്കുമെന്ന വാക്കു പാലിക്കുന്നവര്‍. കണാരന് മാസ്റ്റര്‍ പഠിപ്പിച്ച ഈ മൂല്യങ്ങളാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത്. എം.എസ്.വല്യത്താനെപ്പോലെ മികച്ച സ്ഥാപനനിര്മാതാവായിരുന്നു കണാരന് മാസ്റ്ററെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
കാലടി സംസ്കൃതസര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഭിലാഷ് മലയില്‍ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റിയാസ്ഥാനത്തു നടന്ന പരിപാടിയില്‍ യുഎല്‍സിസിഎസ് വൈസ് ചെയര്മാന് എം.എം.സുരേന്ദ്രന് അധ്യക്ഷനായി. ഡയറക്റ്റര്‍ പി. പ്രകാശന് അനുസ്മരണപ്രമേയം അവതരിപ്പിച്ചു.
ഡയറക്റ്റര്‍മാരായ വി.കെ.അനന്തന്, പി.കെ.സുരേഷ്ബാബു, കെ.ടി.കെ.അജി, കെ.ടി.രാജന്, ടി.ടി.ഷിജിന്, ശ്രീജിത് സി.കെ., ശ്രീജ മുരളി, ലൂബിന ടി, മാനേജിങ്ങ് ഡയറക്റ്റര്‍ എസ്.ഷാജു, യുഎല്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ.എം.കെ. ജയരാജ്, സിഇഒ അരുണ്‍ ബാബു, സൈബര്‍പാര്‍ക്ക് സിഒഒ ടി.കെ. കിഷോര്‍ കുമാര്‍, സൊസൈറ്റി സിജിഎം രോഹന് പ്രഭാകര്‍, സര്‍ഗ്ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് ജിഎം ടി.കെ.രാജേഷ്, ജിഎം.അഡ്മിന് ഷാബു കെ.പി, പുതിയാടത്തില്‍ ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.