വിലങ്ങാട്: ”മരിക്കുന്നെങ്കില്‍ മരിക്കട്ടെ നാട്ടുകാര്‍ അറിയണം ഞാന്‍ എഴുതി വെക്കും ഇനിയുള്ള ദിവസങ്ങള്‍ വീട്ടില്‍ തന്നെ കഴിയണം”-
നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് വാളൂക്കിലെ കാവില്‍ പുരയിടത്ത് മാന്വലിന്റേതാണ് ഈ വാക്കുകള്‍. മാന്വലിന്റെ വീടിന് ഭീഷണി ഉയര്‍ത്തി കുറ്റന്‍ പാറകള്‍ ഉണ്ട് ഇവ പൊട്ടിച്ച് മാറ്റാന്‍ അധികൃതര്‍ക്ക് പരാതി നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് മാന്വല്‍ പ്രതികരിച്ചത്. അധികൃതര്‍ കനിയാതായതോടെ ഉരുള്‍ ബാക്കി വെച്ച സ്വന്തം വീട്ടിലേക്ക് മടങ്ങാനാണ് മാന്വലിന്റെ തീരുമാനം.
ജൂലായ് 30 ന് വിലങ്ങാട് മേഖലയിലൂണ്ടായ ഉരുള്പൊട്ടലിനൊപ്പമാണ് നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലും ഉരുള്‍പൊട്ടിയത്. മൂന്ന് ഉരുളുകളാണ് വാളൂക്കിലുണ്ടായത് വ്യാപകമായ കൃഷി നാശമുണ്ടായി. റബ്ബര്‍, തെങ്ങ് ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് ഭൂമിയാണ് ഉരുള്‍ പൊട്ടി ഒലിച്ചിറങ്ങിയത്. 2018 ലും ഇതേ സ്ഥലത്ത് ഉരുള്‍ നാശം വിതച്ചിരുന്നു.
മാന്വലിന്റെ വീടിന് സമീപത്തെ മലമുകളില്‍ കൂറ്റന്‍ പാറകള്‍ക്കിടയിലെ മണ്ണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചിറങ്ങിയതോടെ പാറകള്‍ ഇളകി വീടിന് മുകളിലേക്ക് പതിക്കുമെന്ന അവസ്ഥയാണ്. വില്ലേജ് അധികൃതര്‍ കുടുംബത്തെ വാളൂക്കിലെ വാടക വീട്ടിലേക്ക് മാറ്റിയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടകയിനത്തിലുള്ള സഹായം രണ്ട് മാസം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഹൃദ്രോഗിയായ മാന്വലും ഭാര്യയും മകനും കുടുംബവുമായിരുന്നു ഈ വീട്ടില്‍ താമസം.
സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകണമെങ്കില്‍ പാറകള്‍ പൊട്ടിച്ച് ഒഴിവാക്കണം. പാറക്കൂട്ടം പൊട്ടിച്ച് മാറ്റാന്‍ വടകര എംപി, വാണിമേല്‍ പഞ്ചായത്ത്, വില്ലേജ്, തഹസില്‍ദാര്‍, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാന്വലും കുടുംബവും പറഞ്ഞു. പരാതിപ്പെട്ടതിന് ഓഫീസുകളില്‍ നിന്ന് മറുപടി ലഭിച്ചത് മാത്രമാണ് മെച്ചം. അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിലും അടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് മാന്വല്‍
-ടി.ഇ.രാധാകൃഷ്ണന്