മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ അദ്ദേഹത്തിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബാ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലും നെഞ്ചിലുമായി 6 വെടിയുണ്ടകൾ തുളഞ്ഞുകയറുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേരേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാന്ദ്ര ഈസ്റ്റിലെ എംഎൽഎ ആയ മകന്റെ ഓഫീസിൽ വെച്ചാണ് ബാബാ സിദ്ദിഖിന് നേരെ അജ്ഞാതർ വെടിവെച്ചത്. ഓഫീസിൽ നിന്ന് കാറിലേക്ക് കയറാൻ തുടങ്ങുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ആറ് വെടിയുണ്ടകളും പുറത്തെടുത്തെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എൻസിപി അജിത് പവാർ വിഭാഗം നേതാവായ അദ്ദേഹം കോൺഗ്രസിന്റെ കോർപ്പറേറ്റർ ആയാണ് രാഷ്ട്രീയം ആരംഭിച്ചത്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് എൻസിപി അജിത് പവാർ പക്ഷത്തേക്ക് ചേക്കേറിയത്.