കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന വടയക്കണ്ടി കുംഭാര നഗർ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി. പിന്നോക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന കുംഭാരനഗർ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം 2022 -23 സാമ്പത്തിക വർഷം ലഭ്യമായ 11
അപേക്ഷകളിൽ നിന്നും പദ്ധതി മാനദണ്ഡങ്ങൾ പാലിച്ച 5 അപേക്ഷകളിൽ കോഴിക്കോട് ജില്ലയിലെ വടയക്കണ്ടി കുംഭാരനഗറും ഉൾപ്പെടുന്നുണ്ട് എന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിയമസഭയിൽ അറിയിച്ചു. ആയതിൽ വികസനമോ മെച്ചപ്പെട്ട ജീവിതനിലവാരമോ ഇല്ലാതെ പിന്നോക്കാവസ്ഥയിൽ കഴിയുന്ന മലപ്പുറം ജില്ലയിലെ ആദ്യത്തെ രണ്ട് നഗറുകളെയാണ് നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
എന്നും കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വടയക്കണ്ടി കുംഭാരനഗർ, പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കുന്നതിന് ,ലഭ്യമായ ശുപാർശ സർക്കാർ പരിശോധിച്ചു വരികയാണെന്നും പട്ടികജാതി വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ അറിയിച്ചതായും എം.എൽ.എ പറഞ്ഞു.