പ്രത്യേക പ്രതിനിധി
ദോഹ: തെക്കന്‍ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സംഘങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. വ്യാഴാഴ്ച യുഎന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ടാങ്ക് വെടിവച്ചപ്പോള്‍ രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.
തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ടാങ്ക് വെടിയുതിര്‍ക്കുകയും ഒരു നിരീക്ഷണ ടവര്‍ തകര്‍ക്കുകയും രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ലെബനനിലെ യുഎന്‍ സമാധാന സേനയുടെ വെളിപ്പെടുത്തല്‍. യുഎന്നിന്റെ നിരീക്ഷണ ടവറിന് സമീപം സ്ഫോടനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇസ്രായേലി ടാങ്ക് വെടിവെച്ചതിനെ തുടര്‍ന്ന് നിരീക്ഷണ ടവറില്‍ നിന്ന് വീണ് രണ്ട് ഇന്തോനേഷ്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
”ഈ റിപ്പോര്‍ട്ടുകള്‍ കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി, സമാധാന സേനാംഗങ്ങളും സാധാരണക്കാരും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്’- ഡൗണിംഗ് സ്ട്രീറ്റ് വക്താവ് ലണ്ടനില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും കഷ്ടപ്പാടുകളും രക്തച്ചൊരിച്ചിലുകളും അവസാനിപ്പിക്കണമെന്നും ബ്രിട്ടന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതായി വക്താവ് വ്യക്തമാക്കി.
ലബനനില്‍ നേരത്തെ മറ്റൊരു സ്ഫോടനത്തില്‍ രണ്ട് യുഎന്‍ സംഘാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് യുഎന്‍ അറിയിച്ചതായി ബിബിസി വെളിപ്പെടുത്തി. ഇത്തരമൊരു അക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ആക്ഷേപം ശക്തമാണ്. ലബനന് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ സംഘത്തിനു നേരെ ഇസ്രായേല്‍ ബോധപൂര്‍വം വെടിയുതിരിക്കുകയായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ പലതവണകളായി ഇത്തരം ആക്രമണം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി പറയുന്നു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തെ തന്നെ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചിരുന്നു
ഗുരുതരമായ സംഭവവികാസമാണെന്നും യുഎന്‍ ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും യുഎന്‍ സേന പറഞ്ഞു.
ഫ്രാന്‍സ് ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സമാധാന സേനയ്ക്കെതിരായ ശത്രുതാപരമായ നടപടികളില്‍ നിന്ന് ഇസ്രായേല്‍ വിട്ടുനില്ക്കണമെന്നു റഷ്യ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച സെന്‍ട്രല്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര് കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അക്രമം. ഇതുസംബന്ധിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൊല്ലപ്പെട്ട 22 പേരും സാധാരണക്കാര്‍
സെന്‍ട്രല്‍ ബെയ്റൂട്ടില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട 22 പേരും സാധാരണക്കാരാണെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി വെളിപ്പെടുത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ആക്രമണമാണ് നടന്നത്. ‘ഈ മനുഷ്യത്വ രാഹിത്യം ഒരിക്കിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനയുടെ നിരീക്ഷണ പോസ്റ്റിന് നേരെ ഇസ്രായേല്‍ വെടിയുതിര്‍ക്കുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ മിക്കാറ്റി അപലപിച്ചു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് നേരെയുള്ള കുറ്റകൃത്യമാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സേനയെ ലക്ഷ്യമിടുന്നത് അംഗീകരിക്കനാവില്ലെന്നും മിക്കാറ്റി പറഞ്ഞു.