തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരത്ത് കല്ലമ്പലം സ്വദേശി അനേഷിന്റെയും വൃന്ദയുടെയും മകൻ ആദവ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.വീട്ടിൽ പൂജ വയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്ന് അനേഷിന്റെ മൂത്ത സഹോദരന്റെ കുട്ടികൾ റംബൂട്ടാൻ എടുത്തിരുന്നു. ഇതിന്റെ തൊലി കളഞ്ഞ് കുഞ്ഞിന് കഴിക്കാനായി കുട്ടികൾ വായിൽ വച്ച് കൊടുക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ്. ഉടൻ മാതാവും ബന്ധുക്കളും ചേർന്ന് കുഞ്ഞിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തു. കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ സാദ്ധ്യമായതെല്ലാം ചെയ്തെങ്കിലും ഇന്ന് വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്