വടകര: ചിരപുരാതനമായ കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം ഗ്രാമോത്സവമായി മാറുന്നു.
ഒക്ടോബര്‍ 3 ന് തുടങ്ങിയ നവരാത്രി ആഘോഷത്തിന് നല്ല ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.
പതിനൊന്ന് ദിവസം നീണ്ട് നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പ്രഭാഷണം, സംഗീതാര്‍ച്ചന, ഭക്തിഗാനാമൃതം, കാവ്യകേളി, കളരിപ്പയറ്റ്, ഭജന, തിരുവാതിരക്കളി, അംഗന്‍വാടി കുട്ടികളുടെ കലാപരിപാടികള്‍, ഭരതനാട്യം, മോഹിനിയാട്ടം, കൈകൊട്ടികളി, അക്ഷരശ്ലോകസദസ്സ്, വീണ കച്ചേരി, പുല്ലാങ്കുഴല്‍ നാദം, ഭക്തി ഗാനമേള, സോപാന സംഗീതം, അഷ്ടപദികച്ചേരി, നൃത്തനൃത്യങ്ങള്‍, ഡ്രാമ ഡാന്‍സ്, സബ്ബ് ജില്ലാ-ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളുടെ കലാപരിപാടികള്‍, ഗ്രാമ സന്ധ്യ എന്നിവയാണ് വിവിധ ദിവസങ്ങളിലായി നടക്കുന്നത്. ദിനം പ്രതി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പ്രഭാത-സായാഹ്ന ലഘുഭക്ഷണം നല്കി വരുന്നു.
ജീര്‍ണിച്ചു പോയ ക്ഷേത്രത്തെ രക്ഷിക്കാന്‍ 1987 നവംബര്‍ 16 ന് പ്രദേശത്തെ ഭക്തജനങ്ങളുടെ യോഗം ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ് ക്ഷേത്രത്തിന് നവീനമുഖം ലഭിച്ചത്. 37 വര്‍ഷമായി ഘട്ടംഘട്ടമായി നടത്തിയ പ്രവര്‍ത്തനഫലമായി ഇന്ന് വടകരയിലെ അറിയപ്പെടുന്ന ക്ഷേത്രമായി ഇത് മാറി.
നവരാത്രി മഹോത്സവം വിജയമാക്കുന്നതിന് പി.പി.മുകുന്ദന് (പ്രസിഡന്റ്), വൈഷ്ണവം പത്മനാഭന് (സെക്രട്ടറി), പി.പി.കുട്ടികൃഷ്ണന് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് രംഗത്തുള്ളത്.