മാഹി: മാഹി ബസിലിക്കയില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ മഹോത്സവത്തിന് ഭക്തജനപ്രവാഹം. അഞ്ചാം ദിവസത്തിലേക്ക് കടന്ന മഹോത്സവത്തിന് കേരളത്തിന് അകത്തും പുറത്തും നിന്നായി നിരവധി പേരാണ് കുടുംബ സമേതം എത്തുന്നത്.
ഇന്നലെ വൈകുന്നേരം ജപമാലയും ആഘോഷമായ ദിവ്യബലിയും തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും ഉണ്ടായി. കോഴിക്കോട് രൂപതയുടെ നവ വൈദികരായ റവ. ഫാ. ഷിജോയ് & ഫാ. ഷാന്റോ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കല്‍ ചടങ്ങ് നടന്നു. കുര്‍ബാനയ്ക്ക് സെന്റ് ജോസഫ് കുടുംബയൂണിറ്റ് നേതൃത്വം നല്കി. തുടര്‍ന്ന് വിശുദ്ധ അമ്മ ത്രേസ്യയോടുള്ള നൊവേന, തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നടന്നു. ഒട്ടേറെ പേരാണ് പ്രദക്ഷിണത്തില്‍ അണിചേര്‍ന്നത്.
ഇന്ന് (ബുധന്‍) വൈകിട്ട് അഞ്ചരയ്ക്ക് ജപമാല. ആറുമണിക്ക് ആഘോഷമായ ദിവ്യബലി റവ. ഫാ. ജോണ്‍ വെട്ടിമലയുടെ കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് നൊവേനയും പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കും.
നേര്‍ച്ചകള്‍ സമര്‍പിക്കുന്നതിനും കുമ്പസാരത്തിനും എല്ലാദിവസവും സൗകര്യം ഉണ്ടായിരിക്കും.