കോഴിക്കോട്: കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി. കെഎസ്ആർടിസി എംഡിയോട് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.
അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് റൂറൽ എസ്പിയും അറിയിച്ചു. പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്നാണ് അന്വേഷണം നടത്തുക. അപകട കാരണം വ്യക്തമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്.
കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ നിരവധി യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (63), കണ്ടപ്പൻചാൽ സ്വദേശി മകല(65) ആണ് മരിച്ചത്. ഇരുപതോളം പേർ തിരുവമ്പാടിയിലെ സ്വകാര്യആശുപത്രിയിലും പത്തുപേർ ഓമശേരി ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്.