വടകര: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാറിന്റെ ജനറല്‍ ബോഡിയും കുടുംബസംഗമവും പന്ത്രണ്ടാം തിയതി ശനിയാഴ്ച വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ഹാളില്‍ രാവിലെ പത്തിന് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കെ.കെ.രമ എംഎല്‍എ, മുനിനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ കെ.പി ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുങ്കെടുക്കും.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്വത്തിനും ജീവനും ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരിവാര്‍. യുഡിഐഡി കാര്‍ഡ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ കണ്സഷന് വേണ്ടി ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കുക, സ്പെഷ്യല്‍ എപ്ലോയ്മെന്റ് മുഖേന കൈവല്യ പദ്ധതിയില്‍ കൂടുതല്‍ ഫണ്ട് വകയിരുത്തുക, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് എഎവൈ, ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുക തുടങ്ങി നിരവധി ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നു. 2015ല്‍ കേരള സര്‍ക്കാര്‍ നടത്തിയ ഭിന്നശേഷി സര്‍വേ പ്രകാരം കോഴിക്കോട് ജില്ലയില്‍ വിവിധ ഭിന്നശേഷിക്കാരുടെ എണ്ണം 7,93,937 പേരാണ്. ഇതില്‍ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ നാലു വിഭാഗമായ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഇന്റലക്ച്വല്‍ ഡിസേബിലിറ്റി, മള്‍ട്ടിപ്പിള്‍ ഡിസേബിലിറ്റി വിഭാഗത്തില്‍പെട്ടവര്‍ 19,855 പേരാണ്. പുതിയ സര്‍വേ വൈകുന്നതിനാല്‍ ജില്ലയില്‍ പത്ത് ലക്ഷത്തിലേറെ പേരുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കരുതല്‍ എന്ന നിലയില്‍ ഫലപ്രദമായ ഇടപെടലും സഹായവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് പരിവാര്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ വടകരയില്‍ നടക്കുന്ന ജനറല്‍ബോഡിയോഗം ചര്‍ച്ച ചെയ്യും. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പറേഷന് മാനേജിംഗ് ഡയരക്ടര്‍ കെ.മൊയ്തീന്‍കുട്ടി, ഡൗണ്‍ സിന്‍ഡ്രം ട്രസ്റ്റ് ഫൗണ്ടര്‍ ചെയര്മാന് ഡോ.ഷാജി തോമസ്, തണല്‍ ചെയര്മാന് ഡോ.ഇദ്രിസ് എന്നിവര്‍ക്ക് പുരസ്കാരം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി മുഹമ്മദ്, മറ്റ് ഭാരവാഹികളായ പി സിക്കന്തര്‍, തെക്കയില്‍ രാജന്, റസീല ബഷീര്‍, സി.കെ സുഗതന് എന്നിവര്‍ സംബന്ധിച്ചു.