ഇരിങ്ങല്‍: അടിപ്പാതക്കായി രണ്ടരവര്‍ഷം നീണ്ട വിവിധ സമരങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇരിങ്ങലില്‍ നാട്ടുകാരുടെ
ആവശ്യം യാഥാര്‍ഥ്യമാവുന്നു. അടിപ്പാത പണിയാന്‍ അനുമതിയായി. ഇതിനു വഴിയൊരുക്കിയ രാജ്യസഭാ എംപിയും ഇന്‍ഡ്യന്‍ ഒളിമ്പിക്ക് കമ്മിറ്റി ചെയര്‍മാനുമായ ഡോ. പി.ടി.ഉഷക്ക് ഇരിങ്ങലില്‍ പൗരസ്വീകരണവും ആദരവും നല്കി.
കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ ദൃഢനിശ്ചയത്തോടെ സമരം ചെയ്യുകയും അത്നേടിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടന്ന് ഉഷ പറഞ്ഞു. ഇരിങ്ങലില്‍ ഏറ്റവും കുടുതല്‍ സര്‍ക്കാര്‍ സ്ഥാപങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ അടിപ്പാത അനിവാര്യമാണെന്ന് മനസ്സിലായി. കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയുടെ മുന്നില്‍ അവതരിപ്പിക്കുകയും ഒരു സ്പോര്‍ട്സ് കാരി എന്ന നിലക്ക് ഒരു സ്നേഹ സമ്മാനമാണ് ഇരിങ്ങല്‍ അടിപ്പാത. 6.90 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ അടിപ്പാത അനുവദിച്ചതിന് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ ഉഷ പ്രകീര്‍ത്തിച്ചു. മഴയുണ്ടായിട്ടും ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണത്തില്‍ മുത്തുക്കുടയും ചെണ്ടമേളവും അകമ്പടിയായി. പടന്നയില്‍ പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ പയ്യോളി നഗരസഭാ ചെയര്മാന് വി.കെ.അബ്ദുറഹിമാന് ഉഷയെ ആദരിച്ചു. പവിത്രന് ഒതയോത്ത് ഉപഹാരം നല്കി. അടിപാതക്കുവേണ്ടി പ്രയത്നിച്ച ബിജെപി മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജുവിന് നളന്ദ ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് ഉപഹാരം നല്കി. എരഞ്ഞാറ്റില്ദിനേശന്, കെ.ജയകൃഷ്ണന്, കെ.എം.ശ്രീധരന്, സബീഷ് കുന്നങ്ങോത്ത്, എ.കെ.ദേവദാസ്, പയ്യോളി നഗരസഭ കൗണ് സിലര്‍മാരായ ചെറിയാവി സുരേഷ് ബാബു, ടി.അരവിന്ദാക്ഷന്, വിലാസിനി നാരങ്ങോളി, രേവതി തുളസിദാസ് എന്നിവര്‍ സംസാരിച്ചു.