കോഴിക്കോട്: പോളിംഗ് സ്റ്റേഷന്, ബൂത്ത് പുനഃക്രമീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
പോളിംഗ് സ്റ്റേഷന്, ബൂത്ത് എന്നിവയുടെ പുന:ക്രമീകരണം, ബൂത്ത് ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റല്‍, ഒരേ കോമ്പൗണ്ടില്‍ തന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്കുള്ള മാറ്റം, ബൂത്തിന്റെ പേരുമാറ്റം, വോട്ടര്‍മാരുടെ പുനഃക്രമീകരണം, കുറവ് വോട്ടര്‍മാരുള്ള ബൂത്തുകളുടെ ഏകീകരണം എന്നിവയാണ് യോഗം ചര്‍ച്ച ചെയ്തത്.
നേരത്തെ ഇത് സംബന്ധിച്ച വില്ലേജ് തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചര്‍ച്ച പൂര്‍ത്തിയായ ശേഷമാണ് ജില്ലാതലത്തില്‍ യോഗം ചേര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശം ജില്ലാ ഭരണകൂടം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയക്കും.
1500 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് ആണ് പുനഃക്രമീകരിച്ചു വിഭജിക്കുക. കുറവ് വോട്ടര്‍മാരുള്ള രണ്ടു ബൂത്തുകള്‍ ചേര്‍ത്ത് ഒന്നാക്കുകയും ചെയ്യും.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (തെരഞ്ഞെടുപ്പ്) ഡോ. ശീതള്‍ ജി മോഹന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എം ഗിരീഷ് (സിപിഐഎം), പി എം അബ്ദുറഹ്മാന് (കോണ്‍ഗ്രസ്), പി കെ നാസര്‍ (സിപിഐ), അഡ്വ. എ വി അന്‍വര്‍ (മുസ്ലിം ലീഗ്), കെ പി ബാബു (ആര്‍എസ്പി), ഷൗക്കത്ത് അലി ഏരോത്ത് (ആപ്) എന്നിവര്‍ പങ്കെടുത്തു.