പയ്യോളി: മൊബൈൽ ഫോൺ ദുരുപയോഗം കാരണം ജീവിതം സങ്കീർണമാക്കുന്ന മക്കൾക്ക് ദിശാബോധം കാട്ടാനും സുരക്ഷാപ്രകാശം നൽകാനും വേണ്ടി ‘താങ്ങ്’ സാംസ്കാരിക വേദിക്കു രൂപം നൽകി. ഈ സംഘടന എല്ലാ ജില്ലകളിലും വ്യത്യസ്ത സംഘങ്ങളും വേദികളുമായി കൈകോർത്ത് പ്രചരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കും. ഇതിന്റെ
അനൗപചാരിക ഉദ്ഘാടനം ലളിതമായ രൂപത്തിൽ പയ്യോളി ആവിത്താര അംഗൻവാടിയിൽ നടത്തി. ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതി ചെയർമാൻ പി .എം. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി ഫിഷറീസ് എൽപി സ്കൂൾ അധ്യാപകൻ എ.ടി. പ്രഭാത് അധ്യക്ഷത വഹിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസെടുത്തു.
പുഷ്പ പി കെ സ്വാഗതവും ചന്ദ്രി.സി നന്ദിയും പറഞ്ഞു. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ഭാഗങ്ങളിൽ പ്രചരണ പ്രവർത്തനങ്ങളും ക്ലാസുകളും നടത്താനാണ് തീരുമാനം.