തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വയനാട്ടിലും കണ്ണൂര്‍ മട്ടന്നൂരിലും ശക്തമായ മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചില്‍ മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
മട്ടന്നൂര്‍ മേഖലയില്‍ കനത്ത മഴയില്‍ വീടുകളിലേക്ക് വെളളം കയറി. വിമാനത്താവളത്തില്‍ നിന്നു കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിലേക്ക് വെളളം എത്തിയത്. ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റര്‍ മഴയാണ് വിമാനത്താവള മേഖലയില്‍ പെയ്തത്. ഉരുവച്ചാല്‍ ശിവപുരം റോഡില്‍ കടകളിലും വെളളം കയറി.
വയനാട്ടില്‍ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്കി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അധികൃതരെ ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്. യെല്ലോ അലര്‍ട്ട് ആയിരുന്ന ജില്ലയില്‍ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖാപിച്ചത്. കനത്ത മഴ ഇല്ലെങ്കിലും ഉച്ചയ്ക്കുശേഷം തുടര്‍ച്ചയായി പലയിടങ്ങളിലും മഴപെയ്യുന്നുണ്ട്.