വാഷിംഗ്ടണ്‍: യെമനിലെ ഇറാന് അനുകൂല ഹൂതി പോരാളികളുടെ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കന്‍ ആക്രമണം. 15 കേന്ദ്രങ്ങളില്‍ അക്രമം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. സൈനിക ഔട്ട്പോസ്റ്റുകളിലും വിമാനത്താവളത്തിലും സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.
മിഡില്‍ ഈസ്റ്റിലെ യുഎസ് സേനയുടെ മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ കമാന്‍ഡും ഇക്കാര്യം വെളിപ്പെടുത്തി. ആളപായം സംബന്ധിച്ച വിവരം ലഭ്യമല്ല.
യെമന്‍ തലസ്ഥാനമായ സന, ഹൊദൈദി വിമാനത്താവളം എന്നിവയുള്‍പ്പെടെ നിരവധി ഭാഗങ്ങളില്‍ വ്യോമാക്രമണം നടന്നതായി ഹൂതി വിഭാഗം നടത്തുന്ന അല്‍-മസീരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ധമര്‍ നഗരത്തിന്റെ തെക്ക്, അല്‍-ബൈദ പ്രവിശ്യയുടെ തെക്ക് കിഴക്ക് ഭാഗങ്ങളിലും ആക്രമണം നടന്നതായി ചാനല്‍ കൂട്ടിച്ചേര്‍ത്തു. യെമന്റെ .
അല്‍-ബൈദ പ്രവിശ്യയില്‍ നടന്ന ആക്രമണം നിരവധി ഹൂതി സൈനിക ഔട്ട്പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് താമസക്കാര്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ മുതല്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ വ്യാപകമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തില്‍ പാലസ്തീനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അവര്‍ രണ്ട് കപ്പലുകള്‍ മുക്കി. മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇതിനുള്ള തിരിച്ചടിയായാണ് അമേരിക്കന്‍ ആക്രമണം. കഴിഞ്ഞ ദിവസം ഇസ്രായേലും ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു.