വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂരാട് മുതല്‍ അഴിയൂര്‍ വരെ സര്‍വീസ് റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. പലയിടത്തും റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ഇതുമൂലം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുന്നതായി സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം എന്നിവര്‍ പറഞ്ഞു. സര്‍വീസ് റോഡിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ മുന്നറിയിപ്പു നല്കി. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണിടിച്ചില്‍ നേരിടുന്ന മുക്കാളി, കേളുബസാര്‍ എന്നിവിടങ്ങളില്‍ പ്രശ്നപരിഹാരമായി പുതിയ സ്ഥലം ഏറ്റെടുക്കല്‍ നടപടി ഊര്‍ജിതമാക്കണമെന്ന് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, സമിതി അംഗം പി.പി.രാജന് എന്നിവര്‍ ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കല്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് പിന്നോട്ട് പോയതായി പരാതി ഉയര്‍ന്നു. ദേശീയപാത നിര്‍മാണ കമ്പനിയുടെ വാഹനങ്ങള്‍ക്ക് ഫിറ്റ്നസും ഇന്‍ഷുറന്‍സും അടക്കമുള്ള സംവിധാനങ്ങള്‍ ഇല്ലെന്ന ആക്ഷേപവും യോഗത്തില്‍ ഉയര്‍ന്നു. റെയില്‍വേ പാര്‍ക്കിങ് ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമിതിയംഗം പി.എം.മുസ്തഫയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജല്‍ജീവന്‍ മിഷന് കുത്തിപ്പൊളിച്ച റോഡുകള്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പൂര്‍വസ്ഥിതിയില്‍ ആകുമെന്ന് വാട്ടര്‍ അതോറിറ്റി വിഭാഗം അറിയിച്ചു.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഡി.രഞ്ജിത്ത് സമിതി അംഗങ്ങളായ ടി വി ഗംഗാധരന്, വി പി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.