ബെയ്റൂട്ട്: ഇസ്രായേല്‍ വധിച്ച ഹിസ്ബുല്ല തലവന്‍ ഹസന് നസ്രല്ലയുടെ പിന്‍ഗാമിയെന്നു കരുതപ്പെട്ടിരുന്ന നേതാവിനെയും
കൊലപ്പെടുത്തിയതായി അഭ്യൂഹം. ലബനന് തലസ്ഥാനമായ ബെയ്റൂട്ടിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ ഹസന് നസ്രല്ലയുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥരും ഹാഷിം സഫിയുദ്ദീനൊപ്പം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഹാഷിം സഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയ സ്ഥലത്ത് ആരെങ്കിലും ജീവനോടെ ശേഷിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്. ഹിസ്ബുല്ല നേതാക്കളും ഇറാന് നേതാക്കളും പങ്കെടുത്ത മീറ്റിംഗ് ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യം ശക്തമായ ബോംബാക്രമണം നടത്തിയത്. ഇതിനു ശേഷം സഫിയുദ്ദീനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വാര്‍ത്താ വിനിമയ ബന്ധം മുറിഞ്ഞതായും ലെബനീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഇസ്രായേല്‍ ആക്രമണം തുടരുന്നതിനാല്‍ സ്ഥലത്ത് തെരച്ചില്‍ നടത്താനും സാധിക്കുന്നില്ല.
ബഹുനില കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്റര്‍ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഹിസ്ബുള്ള തലവന്‍ നസ്റല്ലയെ ഇസ്രായേല്‍ സൈന്യം വധിച്ചത്. ഇതിനായി ഒരു ടണ്‍ വീതമുള്ള 80 ബോംബുകളാണ് വര്‍ഷിച്ചത്. സെപ്റ്റംബര്‍ 23 ന് ഹിസ്ബുല്ലക്കെതിരെ ഇസ്രായേല്‍ യുദ്ധം ആരംഭിച്ച ശേഷം നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ് ഹാഷിം സഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇന്നലെ പുലര്‍ച്ചെ നടത്തിയത്. ഇതില്‍ ഇറാന് റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇറാനെതിരെ വന്‍തോതിലുള്ള ആക്രമണത്തിന് ഇസ്രായേല്‍ കോപ്പുകൂട്ടി വരികയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് മേഖലയിലെ പങ്കാളികളായ രാജ്യങ്ങളില്‍ നിന്ന് വലിയ തോതിലുള്ള സഹകരണമുണ്ടാകുമെന്നാണ് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നത്. ലെബനനില്‍ ഇസ്രായേല്‍ സൈന്യം വ്യോമ, കരയാക്രമണം ആരംഭിച്ച ശേഷം 400 ലേറെ ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.