ഓര്‍ക്കാട്ടേരി: ഒക്ടോബര്‍ 15 നുള്ളില്‍ ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളും വിളിച്ചു ചേര്‍ക്കാനും എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷന് നടത്താനും ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് തീരുമാനിച്ചു. ഭക്ഷണശാലകളിലും ഹോട്ടലുകളിലും ലൈസന്‍സ് ലഭിക്കാന്‍ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധമാക്കും. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ശുചിത്വം ഉറപ്പാക്കാനും പാചക തൊഴിലാളികളെ വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു. എല്ലാ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും നാല് പേരെ ഉള്‍പ്പെടുത്തി ക്ലോറിനേഷന് ചെയ്യുന്നതിനുള്ള പരിശീലനം കൊടുക്കും. ഒക്ടോബര്‍ 14 മുതല്‍ 18 വരെ സ്കൂള്‍ കേന്ദ്രീകരിച്ച് വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയെപറ്റി ക്യാമ്പയിന് സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രതീഷ്, സിന്ധു കെ പി, സീമ തൊണ്ടയില്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ നടുവിലക്കണ്ടി സ്വാഗതം പറഞ്ഞു. ആയുര്‍വേദം കൃഷി ഹോമിയോ എന്നീ വിഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു