പ്രത്യേക പ്രതിനിധി
ദോഹ: ലബനനിലെ സായുധ സംഘമായ ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസന് നസ്രല്ലയെ വധിച്ചതിനു പിന്നാലെ രണ്ടാമനെ ലക്ഷ്യമിട്ട് ഇസ്രായേല്‍. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ ഹാഷിം സഫീദ്ദീനെ ഉന്നമിട്ടാണ് ഇസ്രായേലിന്റെ അടുത്ത നീക്കം. ഹിസ്ബുള്ളയുടെ മുന്‍നിര നേതാക്കളെ ഒന്നാകെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ലബനനില്‍ ഇസ്രായേല്‍ മുന്നേറുന്നത്.
ഈ ലക്ഷ്യത്തോടെ ഇന്നലെ അര്‍ധരാത്രി ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബെയ്റൂട്ടില്‍ കനത്ത തോതിലുള്ള വ്യോമാക്രമണം നടത്തി. ഹസന് നസ്രല്ലയെ കൊലപ്പെടുത്തിയതിനു ശേഷം നടന്ന ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്. ഹാഷിം സഫീദ്ദീനെ ഉന്നമിട്ട് തന്നെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട നേതാവ് ഹസന് നസ്റല്ലയുടെ അനന്തരാവകാശിയായി പരക്കെ കണക്കാക്കപ്പെടുന്ന മുതിര്‍ന്ന നേതാവാണ് ഹാഷിം സഫീദ്ദീന്‍. അദ്ദേഹം ഭൂഗര്‍ഭ ബങ്കറിലായിരുന്നുവെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1960കളുടെ തുടക്കത്തില്‍ തെക്കന്‍ ലെബനനില്‍ ജനിച്ച ഹാഷിം സഫീദ്ദീന്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 1980-കളില്‍ ലെബനനിലെ ആഭ്യന്തര യുദ്ധത്തില്‍ ഇറാന്റെ മാര്‍ഗനിര്‍ദേശത്തോടെ രൂപീകരിച്ച ഹിസ്ബുല്ലയില് അദ്ദേഹം ചേര്‍ന്നു. ഹസന് നസ്റല്ലയ്ക്കൊപ്പം സംഘടനയുടെ ഉന്നത പദവിയിലെത്തുകയും ചെയ്തു. നസ്റല്ല ചെയ്തതുപോലെ സഫീദ്ദീനും സാധാരണയായി കറുത്ത തലപ്പാവ് ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ബഹുമാന്യനായ ഷിയാ പുരോഹിതനായി സഫീദ്ദീനെ അണികള്‍ വാഴ്ത്തുന്നു.
ഹിസ്ബുള്ളയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പായ ജിഹാദി കൗണ്‍സിലിന്റെ തലവനായി ഹാഷിം സഫീദ്ദീന്‍ 1995 ലാണ് നിയമിക്കപ്പെടുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹിസ്ബുള്ളയിലെ നേതൃപരമായ പങ്കിന്റെ പേരില്‍ സഫീദ്ദീനെ അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത്, അദ്ദേഹം ഗ്രൂപ്പിന്റെ രാഷ്ട്രീയ, സംഘടനാ, സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും വിദേശ നയത്തിനും ഭീഷണിയായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നായിരുന്നു സഫീദ്ദീന്റെ മേല്‍ ചാര്‍ത്തിയ കുറ്റം.
1997-ലേ അമേരിക്ക ഹിസ്ബുള്ളയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. നിരവധി അമേരിക്കക്കാരെ കൊന്നൊടുക്കിയ ഒന്നിലധികം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ സായുധ ഗ്രൂപ്പായ ഹിസ്ബുളളക്കെതിരെ അമേരിക്കയും ഇസ്രായേലും ശക്തമായ നീക്കത്തിലായിരുന്നു. 1983-ല്‍ ബെയ്റൂട്ടിലെ യുഎസ് എംബസിയിലും യുഎസ് മറൈന്‍ ബാരക്കുകളിലും ഹിസ്ബുള്ള ചാവേര്‍ ബോംബാക്രമണം നടത്തി.
ഹസന് നസ്റല്ലക്ക് പിന്നാലെ ഹിസ്ബുള്ള മേധാവിയായി ഹാഷിം നഫീദ്ദീനാണ് എത്തേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും കണക്കുകൂട്ടി തന്നെയാണ് ഇസ്രായേല്‍ നീങ്ങുന്നതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.