വടകര: ഇനിയൊരു വൃക്കരോഗി ഇന്നാട്ടില് ഉണ്ടാവരുതെന്ന ദൃഢനിശ്ചയവുമായി തണല്‍ ഒരുക്കിയ മെഡിക്കല്‍ എക്സിബിഷന് വടകര ടൗണ്‍ഹാളില്‍ തുടരുന്നു. രക്തം ശുദ്ധീകരിക്കുന്ന അവയവമായ വൃക്ക തകരാറിലാവുന്നതോടെ സംഭവിക്കുന്ന ഗുരുതരാവസ്ഥ ആളുകളെ ഫലപ്രദമായി ബോധ്യപ്പെടുത്തും വിധത്തിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിട്ടുള്ളത്. ഒരാള്‍ വൃക്ക രോഗിയായാല്‍ ആശ്രയം ഡയാലിസിസ് മാത്രമാണ്. രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ കൃത്രിമമായി ചെയ്യുന്നതാണ് ഡയാലിസിസ്. മരണം വരെ ഇത് ചെയ്ത് കൊണ്ടിരിക്കണമെന്നതാണ് അവസ്ഥ. വടകര തണല്‍ സെന്ററില്‍ മാത്രം 272 രോഗികളാണ് ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നത്. 45 പേര് ഡയാലിസിസ് ചെയ്യാന്‍ കാത്തിരിക്കുന്നു. ഈ സംഖ്യ ഞെട്ടിപ്പിക്കുന്നതാണെന്ന് തണല്‍ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു. രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഡയാലിസിസ് യന്ത്രങ്ങള്‍ വേണ്ടതുണ്ട്. വലിയ ബാധ്യതയായി മാറുന്ന ഇത്തരമൊരവസ്ഥ ഭാവിയില്‍ ഉണ്ടാവാതിരിക്കുന്നതിനു വേണ്ടിയാണ് മെഡിക്കല്‍ എക്സിബിഷനുമായി തണല്രംഗത്തെത്തിയത്. 17 പവലിയനുകളാണ് ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുള്ളത്. വൃക്ക സംബന്ധമായ എല്ലാ കാര്യങ്ങളും ഓരോ പവലിയനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംശയനിവാരണത്തിനു പ്രതിനിധികളും റെഡി. സ്കൂള്‍ കുട്ടികള്‍ അടക്കം മൂവായിരത്തോളം പേരാണ് ആദ്യദിവസം പ്രദര്‍ശനം കണ്ടത്.
വൃക്കയുടെ ആരോഗ്യാവസ്ഥ തിരിച്ചറിയാനുള്ള ലാബ് സൗകര്യം എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ ഇവിടെ മൂത്ര പരിശോധന നടത്തുന്നു. ആദ്യ ദിവസമായ ഇന്നലെ പരിശോധന നടത്തിയവരില്‍ എഴുപതോളം പേര് ആല്ബുമിന് പോസിറ്റീവാണ്. അല്പം ആശങ്ക പകരത്തുന്ന കണക്കാണിത്. ഇവരുടെ രക്തപരിശോധന നടത്തിയ ശേഷം ഫലം കിട്ടുന്നതിനനുസരിച്ചാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍.
നിലവിലുളള ഡയാലിസിസ് രോഗികളുടെ എണ്ണം നോക്കുമ്പോള്‍ വടകരക്കും മാഹിക്കും ഇടയില്‍ വൃക്കരോഗികള്‍ കൂടുതല്‍ ഉള്ളതായാണ് കണക്ക് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്കരോഗികള്‍ ഉള്ളതും ഈ പ്രദേശത്താണ്. ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്നത് ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനും വിഷയമാക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമവും തണല്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ട്.
ജീവിതശൈലി രോഗങ്ങളെ കുറിച്ചും കാന്‍സര്‍ രോഗത്തെ കുറിച്ചുമള്ള ബോധവല്കരണവും എക്സിബിഷന്റെ ഭാഗമായുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്, എംവിആര്‍ കാന്‍സര്‍ സെന്റര്‍, എക്സൈസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശാസ്ത്രീയമായ രീതിയിലാണ് എക്സിബിഷന് തയ്യാറാക്കിയിരിക്കുന്നത്. പ്രദര്‍ശനം ശനിയാഴ്ച വരെ തുടരും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ഏഴു വരെ എക്സിബിഷന് കാണാം.