വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തില്‍ ശുചീകരണ യജ്ഞത്തിന് ഇറങ്ങിയവര്‍ പെറുക്കിയെടുത്തത് നൂറ് കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികള്‍. ബുധനാഴ്ച ഗാന്ധി ജയന്തി ദിനത്തിലാണ് യജ്ഞത്തിന് തുടക്കമായത്.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത സേനാ പ്രവര്‍ത്തകരും മറ്റും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കാട് വെട്ടിയും പൊതുവഴി നന്നാക്കിയും മുന്നേറി. പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചെങ്കിലും നൂറ് കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളാണ് ഇവര്‍ പെറുക്കിക്കുട്ടിയത്. ഇതിലധികവും ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞ മദ്യകുപ്പികളാണ്. റോഡിലും തോടുകളിലും ആണിച്ചാലുകളിലും ഇത്തരം കുപ്പികള്‍ വലിച്ചെറിയുകയാണ്.
ടൗണില്‍ പല ഭാഗത്തും ബോട്ടില്‍ ബൂത്തുകള്‍ ഉണ്ടെങ്കിലും ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ശീലത്തിന് മാറ്റം വന്നിട്ടില്ല. ശുചീകരണ പരിപാടികളും മറ്റും നടക്കുമ്പോള്‍ ഇതൊക്കെ പെറുക്കിയെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഏറെ പരിശ്രമിക്കുന്നത് കാണാം. തോടുകളിലും കനാലിലും മറ്റും ഒലിച്ചെത്തുന്ന കുപ്പികള്‍ വേറേയും. ഇവ സ്വരുപിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും.
ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കുകയും പരിസരം ശുചീകരിക്കാന്‍ അവരവര്‍ തന്നെ മുന്‍കൈ എടുക്കുകയും ചെയ്താലേ ശുചിത്വ യജ്ഞം പൂര്‍ണതയില്‍ എത്താന്‍ കഴിയുകയുള്ളൂ എന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.
പെറുക്കിയെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളും ഹരിത സേനാ പ്രവര്‍ത്തകരും ഉണ്ടല്ലോ, അവരത് ചെയ്തു കൊള്ളും എന്ന സമീപനം മാറ്റിയേ പറ്റൂ.
-ആനന്ദന് എലിയാറ