വടകര: സഹൃദയത്വം കാത്ത് സൂക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ഇന്ന് വിടവാങ്ങിയ കൂടാളി അശോകന്. വടകരയിലെയും പരിസരത്തെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമസ്ത തലങ്ങളിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും ശ്രദ്ധിച്ച നേതാവ്. രോഗത്തിന്റെ കാഠിന്യം അലട്ടുമ്പോഴും പാര്‍ട്ടിയെ കുറിച്ചും പ്രവര്‍ത്തകരെ കുറിച്ചുമായിരുന്നു ശ്രദ്ധയും ചിന്തയും. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമായി.
കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി വിശ്രമം അറിയാതെ പ്രവര്‍ത്തിച്ച പോരാളിയായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ആരോഗ്യ പ്രശ്നം കാരണം ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും നേതൃത്വത്തിനും അണികള്‍ക്കും ഒരുപോലെ മാര്‍ഗ നിര്‍ദ്ദേശം നല്കാന് കൂടാളി ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി പഞ്ചായത്ത്, അസംബ്ലി, ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലെല്ലാം തിരക്കുപിടിച്ച് നടന്നു. കൂടാളിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ കൂടുമായിരുന്നു. മുഴക്കമുള്ള ശബ്ദവും ആകര്‍ഷകമായ പ്രസംഗവും കൂടാളിയെ വ്യത്യസ്തനാക്കി.
വടകരയിലെ കോണ്‍ഗ്രസിന്റെ താഴെതട്ടു മുതല്‍ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും നേതൃതം നല്കിയ നേതാവാണ് അദ്ദേഹം. നെയ്ത്ത് തൊഴിലാളിയായി തുടങ്ങി സ്വപ്രയത്നത്താല്‍ പടിപടിയായി ഉയര്‍ന്ന് ഡിസിസി സെക്രട്ടറി പദം വരെ അദ്ദേഹം എത്തി. വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കാനും രംഗത്തുണ്ടായി. ഒരു കാലത്ത് വടകര നഗരത്തില്‍ കൂടാളി ഉള്‍പെടെയുള്ള സംഘമാണ് കോണ്‍ഗ്രസിന് ചുക്കാന്‍ പിടിച്ചതും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടപെട്ടതും. പാര്‍ട്ടിയില്‍ നല്ല സ്വാധീനമുണ്ടായെങ്കിലും ഒരു ജനപ്രതിനിധിയാവാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല. എങ്കിലും കൂടാളി പാര്‍ട്ടിക്കു വേണ്ടി ഓടി നടന്നു. രോഗം മൂര്‍ഛിച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.
മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കോണ്‍ഗ്രസ് നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്, സതീശന് കുരിയാടി, അഡ്വ.പി.ടി.കെ.നജ്മല്‍ എന്നിവര്‍ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. കെ.കെ.രമ എംഎല്‍എ, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരായ സി.കെ.നാണു, അഡ്വ: കെ.പ്രവീണ്‍ കുമാര്‍, വി.എം.ചന്ദ്രന്, കെ.ബാലനാരായണന്‍, മനയത്ത് ചന്ദ്രന്, അഡ്വ: ഐ.മൂസ, സുനില്‍ മടപ്പള്ളി, കെ.സി.അബു, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കാവില്‍ രാധാകൃഷ്ണന്, എം.കെ.ഭാസ്കരന്, എന്‍.പി.അബ്ദുള്ള ഹാജി, അഹമ്മദ് പുന്നക്കല്‍, എന്‍.വേണു, അച്യുതന് പുതിയേടത്ത്, പി.പി.രാജന്, രാജേഷ് കീഴരിയൂര്‍, പറമ്പത്ത് പ്രഭാകരന്, പി.ബാബുരാജ്, വി.കെ.പ്രേമന് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി അനുശോചനം അറിയിച്ചു.
സര്‍വകക്ഷിയോഗം അനുശോചിച്ചു
കൂടാളി അശോകന്റെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. സാധാരണ നെയ്ത്ത് തൊഴിലാളിയായി തുടങ്ങി സ്വപ്രയത്നത്താല്‍ പടിപടിയായി ഉയര്‍ന്ന നിസ്വാര്‍ഥനായ രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് വടകരക്ക് നഷ്ടപ്പെട്ടതെന്ന് മുന്‍ എംഎല്‍എ സി.കെ.നാണു അനുസ്മരിച്ചു. ചോറോട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.മധുസൂദനന് അധ്യക്ഷ്യത വഹിച്ചു. കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് കെ.സി.അബു, ആര്‍ജെഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രന്, മധു കുറുപ്പത്ത്, ഐ.മൂസ, കോട്ടയില്‍ രാധാകൃഷ്ണന്, പി.ടി.കെ.നജ്മല്‍, വാര്‍ഡ് മെമ്പര്‍ ലളിത, ഇസ്മായില്‍, ആര്.സത്യന്, ഒ.ബാലന്, സത്യനാഥന്, ശശി വള്ളിക്കാട്, പറമ്പത്ത് പ്രഭാകരന്, സി.നിജിന്‍, വി.പി.ദുല്‍ഖിഫില്‍, മഠത്തില്‍ പുഷ്പ എന്നിവര്‍ സംസാരിച്ചു.