നാദാപുരം: കക്കൂസ് മാലിന്യം പൊതു ഓടയില്‍ ഒഴുക്കിയത് കണ്ടെത്തിയതിനു പിന്നാലെ നാദാപുരത്ത് ഹോട്ടല്‍ പൂട്ടിച്ചു. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് നാദാപുരത്ത് കക്കൂസ് മാലിന്യം പൊതു ഓടയിലൊഴുക്കിയ ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചത്. സംസ്ഥാന പാതയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഫുഡ് പാര്‍ക്കാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പൂട്ടിച്ചത്.
സംസ്ഥാന പാതയില്‍ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ഡ്രൈനേജ് പരിശോധിക്കുകയായിരുന്നു. സ്ലാബുകള്‍ നീക്കി നടത്തിയ പരിശോധനയിലാണ് ഹോട്ടലിന് അകത്ത് നിന്ന് പിവിസി പൈപ്പ് പൊതു ഓടയിലേക്ക് ഇറക്കി കക്കൂസ് മാലിന്യം തള്ളുന്നതായി കണ്ടെത്തിയത്.
നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പോലീസും രംഗത്തെത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി ഹോട്ടല്‍ പൂട്ടിച്ചു.
സംഭവത്തില്‍ നാദാപുരം പോലീസ് ഹോട്ടലിനെതിരെ കേസ് എടുത്തു. അടുത്തിടെ പഴകിയ ഭക്ഷണം പിടികൂടിയ വിഷയത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ ഹോട്ടല്‍ പൂട്ടിച്ചിരുന്നു.