വടകര: യാത്രക്കാരെ റെയില്‍വേ നിരന്തരം ദ്രോഹിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പറഞ്ഞു. വടകര റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് വടകര. എന്നാല്‍ ഇവിടെ നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും പരിശോധിച്ചാല്‍ അത് അപര്യാപ്തമാണെന്ന് മനസിലാകും. കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പരശുറാം, നേത്രാവതി എന്നീ എക്സ്പ്രസുകളില്‍ കോച്ചുകള്‍ വെട്ടിക്കുറച്ചതോടെ ദുരിത സമാനമാണ് കാര്യങ്ങള്‍. ഇതിനിടയില്‍ വാഹന പാര്‍ക്കിങ് ഫീസ് കൂടെ അമിതമായി വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള ക്രൂരതയാണെന്നു പാറക്കല്‍ പറഞ്ഞു. ഓട്ടോ തൊഴിലാളികള്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തുന്നതിന് പോലും പൈസ നല്‍കേണ്ടി വരുന്നത് അപഹാസ്യമാണെന്നും ഇത് തിരുത്തണമെന്നും പാറക്കല്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സല് പി കെ സി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിമാരായ എം.പി.ഷാജഹാന്, ഷുഹൈബ് കുന്നത്ത്, മലബാര്‍ പാസഞ്ചര്‍ ഫോറം ചെയര്മാന് അബ്ദുല്‍ കരീം മനസ, റാഷിദ് പനോളി, ടി എന്‍ റഫീഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ മുനീര്‍ പനങ്ങോട്ട്, ഹാരിസ് ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി അന്‍സീര്‍ പനോളി സ്വാഗതവും വൈസ് പ്രസിഡന്റ് ആര് സിറാജ് നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് ഭാരവാഹികളായ ഷംസീര്‍ വി പി, ജാസിം പണിക്കോട്ടി, അക്ബര്‍ കെസി, അബ്ദുല്‍ ഗനി എന്‍, കെ കെ നവാസ്, ആസിഫ് ഒ കെ എന്നിവര്‍ നേതൃത്വം നല്കി.